ക്വാറിമാഫിയക്കാര്‍ ഗ്രാമസഭ തടസ്സപ്പെടുത്തി: പ്രസിഡന്റിന്റെ പരാതിയില്‍ 3 ദിവസമായിട്ടും കേസെടുക്കാതെ പൊലീസ്

ചെങ്ങോട്ടുമലയില്‍ ഖനനം തുടങ്ങുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭക്കിടെയായിരുന്നു സ്ത്രീകളടക്കമുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്.

Update: 2018-07-27 07:08 GMT
Advertising

ക്വാറി മാഫിയയുടെ ആളുകള്‍ ഗ്രാമസഭ തടസ്സപെടുത്തിയ സംഭവത്തില്‍ കോഴിക്കോട് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ പരാതിയില്‍ കേസ്സെടുക്കാന്‍ തയ്യാറാകാതെ ബാലുശ്ശേരി പോലീസ്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കൂടുതല്‍ പരിശോധനക്ക് ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ചെങ്ങോട്ടുമലയില്‍ ഖനനം തുടങ്ങുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭക്കിടെയായിരുന്നു സ്ത്രീകളടക്കമുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്.

Full View

കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ഗ്രാമസഭ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചത്. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങാട് നല്‍കിയ പരാതിയായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. പക്ഷെ ഗ്രാമസഭ തടസ്സപ്പെടുത്തിയെന്ന ഈ പരാതിയിന്മേല്‍ തുടര്‍ നടപടികളൊന്നും സ്വീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായില്ല. പകരം മര്‍ദ്ദനമേറ്റ സമരസമിതി പ്രവര്‍ത്തകരായ ജ്യോതി ലക്ഷ്മിയും, രാജേഷും നല്‍കിയ പരാതിയില്‍ പോലീസ് കേസ്സെടുത്തിട്ടുണ്ട്.

തങ്ങളെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് ദിനേശന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്സെടുത്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ കേസ്സെടുക്കാത്തത് ക്വാറി മാഫിയയും പോലീസും തമ്മിലുള്ള ധാരണപ്രകാരമാണന്ന ആരോപണമാണ് നാട്ടുകാര്‍ക്കുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഖനനവിരുദ്ധ ആക്ഷന്‍ കമ്മിറ്റി കൂട്ടാലിടയില്‍ പ്രകടനം നടത്തി. ചെങ്ങോട്ടുമല ക്വാറിക്കെതിരെ പ്രമേയം പാസാക്കാന്‍ വീണ്ടും ഗ്രാമസഭ വിളിച്ച് ചേര്‍ക്കണമെന്ന നിലപാടിലാണ് പ്രദേശത്തുള്ളവര്‍.

Tags:    

Similar News