ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ വക വാടകവീട്; പക്ഷേ വാടകയില്ല
വാടക സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ അത് നല്‍കേണ്ട ഉത്തരവാദിത്വം കട്ടിപ്പാറ ഉരുള്‍പൊട്ടലിന് ഇരയായി വാടക വീടുകളില്‍ താമസിക്കുന്ന ആളുകളുടെ ചുമലിലായി.
കട്ടിപ്പാറ ഉരുള്‍പൊട്ടലിന് ഇരയായവര്‍ക്ക് രണ്ടര മാസം മുമ്പ് സര്‍ക്കാര്‍ എടുത്ത് നല്‍കിയ വീടിന് റവന്യൂ വകുപ്പ് ഇതുവരെ വാടക നല്‍കിയില്ല. പണം ഉടന്‍ നല്‍കിയില്ലെങ്കില്‍ വീടൊഴിയണമെന്ന് ഉടമസ്ഥര്‍ ദുരന്തത്തിനിരയാവരോട് പറഞ്ഞു കഴിഞ്ഞു. ബാപ്പയും, ഉമ്മയുമടക്കം കുടുംബത്തിലെ നാലുപേര്‍ മരിച്ച ജംഷീദ് അടക്കമുള്ള എല്ലാവരും പെരുവഴിയിലേക്കിറങ്ങേണ്ട നിസ്സഹായവസ്ഥയിലാണ്.
പഞ്ചായത്തും, റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ദുരന്തത്തിന് ഇരയായവരെ വാടക വീടുകളെടുത്ത് അങ്ങോട്ടേക്ക് മാറ്റിയത്. വീട്ടുടമസ്ഥനോട് സംസാരിക്കുന്നത് മുതല്‍ ആളുകളെ വാടകവീട്ടില്‍ എത്തിച്ചത് വരെ സര്‍ക്കാര്‍ സംവിധാനങ്ങളായിരുന്നു. പക്ഷെ എഗ്രിമെന്റ് വെച്ചത് ആ വീട്ടില്‍ താമസിക്കുന്ന ആളുടെ പേരിലായിരുന്നു.
ഇതോടെ സര്‍ക്കാര്‍ വാടക നല്‍കിയില്ലെങ്കില്‍ അത് നല്‍കേണ്ട ഉത്തരവാദിത്വം അവിടെ താമസിക്കുന്ന ആളുകളുടെ ചുമലിലായി. അല്ലെങ്കില്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോവണമെന്നതാണ് ദുരന്തത്തിനിരയായവരുടെ അവസ്ഥ. ഫയലുകള്‍ നീങ്ങുന്നതിലെ കാലതാമസം മൂലമാണ് വാടക വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.