ഐ.എസ്.ആര്‍.ഒ കേസ്; വിധി കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും പ്രതിഫലനമുണ്ടാക്കും
കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വരുന്നതോടെ രാഷ്ട്രീയ ബന്ധം വീണ്ടും ചര്‍ച്ചയാകും.
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കോടതി വിധിയോടെ സുപ്രധാന വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വരുന്നതോടെ രാഷ്ട്രീയ ബന്ധം വീണ്ടും ചര്‍ച്ചയാകും. കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും വിധി പ്രതിഫലനമുണ്ടാക്കും. രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണമെന്ന ആവശ്യം കരുണാകരന്റെ മകള്‍ പത്മജ ഉന്നയിച്ചു കഴിഞ്ഞു.
കെ.കരുണാകരന്‍ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറങ്ങാന്‍ കാരണമായ കേസാണ് എന്നതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ രാഷ്ട്രീയ പ്രാധാന്യം. കോണ്‍ഗ്രസില്‍ എ,ഐ ഗ്രൂപ്പ് വിഭാഗീയത രൂക്ഷമായിരുന്ന കാലത്താണ് കേസ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇത് കെ കരുണാകരനെതിരായ എ ഗ്രൂപ്പിന്റെ വജ്രായുധമായി. രാജിക്കായി പാര്‍ട്ടിക്കകത്ത് സമ്മര്‍ദ്ദം ശക്തമാവുകയും കേന്ദ്ര നേതൃത്വവും പിന്തുണ നല്‍കാതിരിക്കുകയും ചെയ്തതോടെ 1995 ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. എ.കെ ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. ഐ.എസ്.ആര്‍.ഒ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തലുകള്‍ വന്നപ്പോഴെല്ലാം കോണ്‍ഗ്രസിന്റെ വിഭാഗീയതക്ക് കേസുമായുള്ള ബന്ധം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രിം കോടതി തന്നെ ഉത്തരവിട്ടതോടെ രാഷ്ട്രീയ ഗൂഢാലോചന കൂടുതല്‍ പ്രസക്തമായി. രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് കരുണാകരന്റെ മകള്‍ പത്മജ ആവശ്യപ്പെട്ടു.