പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയില്‍
പത്തനംതിട്ടയില്‍ നിന്നും ഇന്നലെ രാത്രി 10.30ഓടെയാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്
പത്തനംതിട്ട മഞ്ഞനിക്കരയില്‍ 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ ബന്ധുവും മൈസൂരില്‍ നിന്നുള്ള നാലംഗ ക്വട്ടേഷന്‍ സംഘവും പിടിയില്‍. പെരുമ്പാവൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. കാറില്‍ വെച്ച് ഗുരുതരമായി ആക്രമിക്കപ്പെട്ട കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11.30ഓടെയാണ് മഞ്ഞനിക്കരയിലെ വീട്ടില്‍ നിന്ന് കുട്ടിയുടെ മാതൃസഹോദരിയുടെ മകന്‍ അവിനാശും മൈസൂരില്‍ നിന്നുള്ള നാലംഗ ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഈ സമയം വീട്ടില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഇല്ലായിരുന്നു. മാരകായുധങ്ങളുമായെത്തിയ സംഘം മുത്തശ്ശിയെ തള്ളിത്താഴെയിട്ട് കഴുത്തിലെ മാല പൊട്ടിച്ചെടുത്ത ശേഷം രണ്ട് കാറുകളിലായി സ്ഥലം വിടുകയായിരുന്നു.
ഇതില്‍ അവിനാശിന്റെ കാര്‍ ഏനാത്തുള്ള വീട്ടില്‍ ഇട്ട ശേഷം കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം കടന്നത്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കാറില്‍ വെച്ച് തന്നെ മര്‍ദ്ദിച്ച് അവശനാക്കിയെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ പിതാവില്‍ നിന്ന് പ്രതി അവിനാശ് പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്.
സംഭവത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.