നടിയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പനമ്പിള്ളി നഗറിലെ സ്ഥാപനത്തിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തു. പിന്നാലെ രവി പൂജാരി എന്നെഴുതിയ പേപ്പര്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞിരുന്നു.
കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവെപ്പില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിനോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇവരുടെ ഇന്റര്‍നെറ്റ് കോളുകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കും.
ഡെപ്യൂട്ടി കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി ഷംസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനകളില്‍ വെടിവെയ്പ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ലെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ പൊലീസുമായി സഹകരിച്ചാവും അന്വേഷണം നടത്തുക. ഇതിനായി ലീന മരിയാ പോളിനോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയുടെ ഇന്റര്‍നെറ്റ് കോളുകള്‍ പരിശോധിക്കാനും സാമ്പത്തിക സ്ത്രോതസുകളെ കുറിച്ച് പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടി പ്രതിയായിരുന്നതിനെ തുടര്‍ന്ന് ആക്രമണത്തില്‍ ദുരൂഹതകളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഹൈദരാബാദിലുള്ള ലീന മരിയ നാളെ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി പൊലീസ് കെട്ടിട ഉടമയുടെ മൊഴിയെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പനമ്പിള്ളി നഗറിലെ സ്ഥാപനത്തിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തത്. പിന്നാലെ രവി പൂജാരി എന്നെഴുതിയ പേപ്പര്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞിരുന്നു.