നിയമനങ്ങളിലെ സംവരണം; കേന്ദ്ര നിര്‍ദ്ദേശം പരിഗണിക്കാതെ ശ്രീചിത്ര

സംവരണ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം വീണ്ടും ഇറക്കണമെന്ന ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ശ്രീചിത്ര പരിഗണിച്ചില്ല.

Update: 2018-12-25 08:29 GMT

നിയമനങ്ങളിലെ സംവരണം സംബന്ധിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തിരുവനന്തപുരത്ത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈ വര്‍ഷം പുറത്തിറക്കിയ വിജ്ഞാപനം സംവരണ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വീണ്ടും ഇറക്കണമെന്നായിരുന്നു നിര്‍ദേശം. നിയമന നടപടികള്‍ മുന്നോട്ടുപോയെന്ന മറുപടി നല്‍കിയ ശ്രീചിത്ര പുതിയ വിജ്ഞാപനത്തിലും സംവരണ വ്യവസ്ഥ ഉള്‍പ്പെടുത്തിയില്ല. മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Full View

ശ്രി ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഏപ്രിലില്‍ നടത്തിയ ഗ്രൂപ്പ് നിയമനങ്ങള്‍ സംവരണം പാലിക്കുന്നത് സംബന്ധിച്ചായിരുന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെപ്തംബര്‍ 19 കത്തയച്ചത്. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്ന നടപടി. സംവരണ വ്യവസ്ഥ ഉള്‍പ്പെടുത്താത്ത വിജ്ഞാപനം പിന്‍വലിച്ച് സംവരണം ഉള്‍പ്പെടുത്തിയ പുതിയ വിഞ്ജാപനം ഇറക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലില്‍ തുടങ്ങിയ നിയമന നടപടി ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് മന്ത്രാലയത്തിന് ശ്രീ ചിത്ര നല്‍കിയത്. എന്നാല്‍ ഇതിന് ശേഷം 15 തസ്തികകള്‍ക്കായി ഈ നവംബറില്‍ ശ്രീ ചിത്ര പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതിലും സംവരണ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല.

Advertising
Advertising

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കണമെന്നും സംവരണ വിഭാഗങ്ങളുടെ ബാക് ലോഗ് നികത്തണമെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതിന് ശേഷമാണ് ഈ വിജ്ഞാപനം വരുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ മറികടന്നാണ് ശ്രീ ചിത്രയുടെ നിയമന നടപടികള്‍ എന്ന സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍. ശ്രീ ചിത്രയുടെ സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭവും നിയമ നടപടികളും സ്വീകരിക്കുമെന്ന് രാജ്യസഭാ എം.പി കെ.സോമപ്രസാദ് പറഞ്ഞു. ദേശീയ പട്ടികജാതി കമ്മീഷന്‍ അടുത്ത മാസം ശ്രീ ചിത്ര സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News