മലപ്പുറം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജിയെ മറികടന്നുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിന നിയാസിയുടെ ഇടപെടല്‍ മുസ്‌ലിം ലീഗിന് തലവേദനയായി.
ഉദ്യോഗസ്ഥരുടെ മേല്‍ അമിതാധികാരം പ്രയോഗിക്കുകയും ക്ഷോഭിക്കുകയും ചെയ്യുന്നുവെന്നും ഷാഹിനക്കെതിരെ പരാതിയുണ്ട്. പാണക്കാട് സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കണ്ട് സ്മിജി പരാതി അറിയിച്ചെന്നാണ് വിവരം. വൈസ് പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന ഷാഹിന നിയാസിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനമാണ് ലഭിച്ചത്. ഏറെ ജൂനിയറായ എ.പി സ്മിജിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയതില്‍ പദവി പ്രതീക്ഷിച്ചിരുന്ന ഷാഹിന നിയാസിക്കും വസീമ വേളേരിക്കും ഡോ.കെ.പി വഹീദക്കും പ്രതിഷേധമുണ്ട്.
ഭരണസമിതി യോഗങ്ങളില്‍ മൂന്നു പേരും വൈസ് പ്രസിഡന്റ് സ്മിജിയെ പരസ്യമായി തിരുത്തുകയും കാര്യശേഷിയില്ലാത്തവളെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് മറ്റ് അംഗങ്ങള്‍ തന്നെ പരാതി പറയുന്നു. പ്രസിഡന്റിന്റെ തൊട്ടടുത്ത വൈസ് പ്രസിഡന്റിന്റെ കസേരയില്‍ പലപ്പോഴും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിന നിയാസി കയറി ഇരിക്കുന്നതും പതിവാണ്.
താനാളൂര്‍ ഡിവിഷനില്‍ നിന്നാണ് സ്മിജി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ ഡിവിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്മിജിയെ മറികടന്ന് പ്രദേശത്തെ ജനങ്ങളെ ഷാഹിന അറിയിക്കുന്നുവെന്ന പരാതിയും ലീഗ് നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. ഷാഹിന നിയാസി സ്മിജിയോട് കയര്‍ത്ത് സംസാരിച്ച സംഭവവും ഉണ്ടായി. ഒരു ഘട്ടത്തില്‍ പാണക്കാട് സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയേയും സ്മിജി നേരിട്ട് കണ്ട് പരാതി അറിയിക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് പദവി വഹിക്കാന്‍ സ്മിജിക്ക് ശേഷിയില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാഹിന നിയാസി ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന തോന്നല്‍ ജില്ലാ പഞ്ചായത്തിലെ മറ്റ് അംഗങ്ങള്‍ക്കുണ്ട്.
വൈസ് പ്രസിഡന്റിന്റെ ചുമതലകള്‍ താന്‍ ചെയ്യാമെന്നും അതിനായി തനിക്ക് കാര്‍ അനുവദിക്കണമെന്നും ഷാഹിന നിയാസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെടുക പോലുമുണ്ടായി. പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ നിരന്തരം ആവശ്യപ്പെടുകയാണെന്നും നിയമപ്രകാരം ചെയ്ത കാര്യങ്ങളില്‍ ചോദ്യങ്ങളുന്നയിച്ച് പ്രയാസപ്പെടുത്തുന്നുവെന്നും ജില്ലാ പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ ലീഗ് നേതൃത്വത്തിന് മുന്നില്‍ പരാതി ഉന്നയിച്ചിട്ടുമുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ കാണാൻ വരുന്നവരെ കാണുകയും പരാതികൾ കേൾക്കുകയും ചെയ്യുന്നുവെന്ന ആരോപണവും അവർ നേരിടുന്നുണ്ട്. ജില്ലാ പഞ്ചായത്തിന് വിശേഷിച്ച് റോൾ ഒന്നുമില്ലാത്ത, സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പയ്യനാട് സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് നിവേദനം സ്വീകരിച്ചു, ജില്ല പഞ്ചായത്ത് ബോർഡ് അറിയാതെ വന്യ ജീവി ശല്യവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിയെ കണ്ടു തുടങ്ങിയ പരാതികളും ഷാഹിന നിയാസിക്കെതിരെ ഉണ്ട്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലും ഇത്തവണ യുഡിഎഫാണ് വിജയിച്ചത്. ഒരിടത്ത് പോലും എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയാത്തതിനാല്‍ ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ല. പ്രതിപക്ഷമില്ലാത്തതിനാല്‍ ഭരണനിര്‍വഹണത്തില്‍ അശ്രദ്ധ അരുതെന്ന നിര്‍ദേശം നേരത്തേ ലീഗ് നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാര്‍ ഹാജിക്ക് നല്‍കിയിരുന്നു. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ഷാഹിന നിയാസി.