ലോക്സഭാ തെരഞ്ഞെടുപ്പ്; അധിക സീറ്റിനായി കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദം തുടരുമ്പോഴും ലീഗ് നീക്കങ്ങള്‍ ദുര്‍ബലം
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പി.കെ കുഞ്ഞാലികുട്ടിയടക്കമുള്ള നേതാക്കള്‍ മൂന്നാമതൊരു സീറ്റ് അനിവാര്യമാണെന്ന നിലപാട് സ്വീകരിച്ചില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റിനായി കേരള കോണ്‍ഗ്രസ് അതിശക്തമായ സമ്മര്‍ദ്ദം തുടരുമ്പോഴും മുസ് ലിം ലീഗ് നീക്കങ്ങള്‍ ദുര്‍ബലം. മൂന്നാമതൊരു സീറ്റ് ചോദിക്കാന്‍ പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ലീഗ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പി.കെ കുഞ്ഞാലികുട്ടിയടക്കമുള്ള നേതാക്കള്‍ മൂന്നാമതൊരു സീറ്റ് അനിവാര്യമാണെന്ന നിലപാട് സ്വീകരിച്ചില്ല.
പോഷക സംഘടനകള്‍ മൂന്നാമതൊരു സീറ്റ് വേണമെന്ന നിലപാട് തുറന്ന് പറഞ്ഞിട്ട് ദിവസങ്ങളായി. അണികള്‍ വികാരം സോഷ്യല്‍ മീഡിയയിലൂടെയും പ്രകടിപ്പിക്കുന്നു. അവകാശങ്ങള്‍ ചോദിച്ചു വാങ്ങണമെന്ന് സമസ്ത സ്വന്തം പത്രത്തിലെ മുഖ പ്രസംഗത്തിലൂടെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. പക്ഷേ ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതൊന്നും വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒന്നിനും സമയമായിട്ടില്ലെന്നാണ് വിശദീകരണം.
ഒപ്പം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന ആവര്‍ത്തിച്ചുള്ള പ്രതികരണങ്ങള്‍. അവകാശ വാദം ഉന്നയിക്കാന്‍ ലഭിച്ച ആദ്യ അവസരമായിരുന്നു രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പക്ഷേ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് സ്വീകരിച്ച ശക്തമായ നിലപാടിന് അടുത്ത് പോലും എത്താന്‍ ലീഗ് നേതൃത്വത്തിനായില്ല. ലീഗിന് എന്തു കൊണ്ട് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് വിശദീകരിക്കാത്ത പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ നിലപാടില്‍ മറ്റ് നേതാക്കള്‍ക്കിടയിലും അമര്‍ഷം പുകയുന്നുണ്ട്. ഇനി സീറ്റ് ചര്‍ച്ച കേരളത്തിലാണെന്ന് വ്യക്തമാക്കപ്പെട്ടതോടെ വരും ദിവസങ്ങളില്‍ നേതൃത്വത്തിന് കടുത്ത സമ്മര്‍ദ്ദമാവും നേരിടേണ്ടി വരിക. അധിക സീറ്റിനായുള്ള നീക്കങ്ങള്‍ കാര്യക്ഷമമല്ലെങ്കില്‍ മുന്‍ തിരഞ്ഞെടുപ്പുകളിലും സീറ്റ് നേടിയെടുക്കാതിരുന്നതടക്കമുള്ളവ പാര്‍ട്ടിയ്ക്കുള്ളില്‍ ഉയര്‍ന്ന് വരാനിടയുണ്ട്. ഈ സാഹചര്യത്തില്‍ താമസിയാതെ ഉന്നതാധികാര സമിതി യോഗമടക്കം വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം.