നാദാപുരത്ത് ലീഗ്-സി.പി.എം സംഘര്‍ഷം, ഡി.വൈ.എഫ്.ഐ ഓഫീസിന് തീയിട്ടു, ലീഗ് ഓഫീസിന് നേരെ ബോംബേറ്
ഉച്ചക്ക് രണ്ട് മണി വരെ തൂണേരിയില്‍ മുസ്‍ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് നാദാപുരം തൂണേരിയില്‍ മുസ്‍ലിം ലീഗ്-സി.പി.എം സംഘര്‍ഷം. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച സംഘാടക സമിതി ഓഫീസ് തീയിട്ട് നശിപ്പിച്ചു. പിന്നാലെ മുസ്‍ലിം ലീഗ് തൂണേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഉച്ചക്ക് രണ്ട് മണി വരെ തൂണേരിയില്‍ മുസ്‍ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച സംഘാടക സമിതി ഓഫീസിന് നേര്‍ക്ക് രാത്രി 9.50 ഓടെയാണ് തീയിട്ടത്. ഓലയും മുളയും കൊണ്ട് നിര്‍മ്മിച്ച താത്ക്കാലിക ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കുകളിലെത്തിയ മുസ്‍ലിം ലീഗ് പ്രവര്‍ത്തകരാണ് തീയിട്ടതെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ ആരോപണം. പിന്നാലെ ഡി.വൈ.എഫ്.ഐ രാത്രി വൈകി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് മുസ്‍ലിം ലീഗ് തൂണേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ബോംബേറുണ്ടായത്. രണ്ട് ബോംബുകളെറിഞ്ഞതില്‍ ഒരെണ്ണം പൊട്ടി ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പൊട്ടാതിരുന്ന ഒരു സ്റ്റീല്‍ ബോംബ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.