2009ലെ പരീക്ഷണത്തിന് ശേഷം പി.ഡി.പി പൊന്നാനിയില്‍ മത്സരിക്കുന്നു

അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ഡി.പി ഇത്തവണ യു.ഡി.എഫ് വോട്ടില്‍ നോട്ടമിട്ടാണ് വോട്ട് ചോദിച്ചിറങ്ങുന്നത്

Update: 2019-03-27 04:46 GMT
Advertising

സി.പി.എമ്മുമായി കൈകോര്‍ത്ത 2009ലെ പൊന്നാനി പരീക്ഷണത്തിന് ശേഷം പൂന്തുറ സിറാജിലൂടെ പി.ഡി.പി വീണ്ടും പൊന്നാനിയില്‍ മത്സരത്തിന്. അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ഡി.പി ഇത്തവണ യു.ഡി.എഫ് വോട്ടില്‍ നോട്ടമിട്ടാണ് വോട്ട് ചോദിച്ചിറങ്ങുന്നത്. നിലവില്‍ പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ പി.ഡി.പി തീരുമാനിച്ചിട്ടുണ്ട്.

പൊന്നാനിയിലെ ലീഗ് കോട്ടയില്‍ ചെറിയ വിള്ളലെങ്കിലും വീഴ്ത്താന്‍ കഴിയുമോയെന്ന് നോക്കാനാണ് ഇത്തവണ പൂന്തുറ സിറാജ് അങ്കത്തിനിറങ്ങുന്നത്. പി.ഡി.പിക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്ന് വിളിച്ചറിയിക്കുന്ന തരത്തിലുള്ള റോഡ് ഷോയോടെ ആയിരുന്നു തുടക്കം.

Full View

ഹുസൈന്‍ രണ്ടത്താണിക്ക് വേണ്ടി പിണറായി വിജയനും അബ്ദുല്‍ നാസര്‍ മഅ്ദനിയും ഒരേ വേദിയിലെത്തി ചരിത്രവും വിവാദവും കുറിച്ച 2009ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പി.ഡി.പി പൊന്നാനിയിലേക്കിറങ്ങുന്നത്. 2004ല്‍ പിടിച്ച നാല്‍പ്പത്തയ്യായിരം വോട്ടിനെക്കാള്‍ ഇത്തവണ നേടാനാകുമെന്നാണ് പൂന്തുറ സിറാജിന്റെ പ്രതീക്ഷ. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചേക്കാവുന്ന കുറച്ചധികം വോട്ടുകള്‍ പി.ഡി.പി സമാഹരിച്ചാല്‍ പൊന്നാനിയുടെ ഫലത്തെ തന്നെ മാറ്റിമറിക്കാന്‍ അത് കാരണമാകും.

Tags:    

Similar News