സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി; രജിസ്ട്രേഷന്‍ നടപടികള്‍ അവതാളത്തില്‍  

ഏപ്രില്‍ ഒന്ന് മുതല്‍ ചികിത്സ തേടുന്നവര്‍ക്കായി ആശുപത്രികളില്‍ താല്ക്കാലിക എന്‍ റോള്‍മെന്റ്‌ കൗണ്ടറുകള്‍ തുറക്കാനാണ് തീരുമാനം. പുതുതായി പദ്ധതിയുടെ ഭാഗമാകുന്നവരെ ഉള്‍പ്പെടുത്താനുള്ള നടപടികളും ആയില്ല.

Update: 2019-03-31 03:31 GMT

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ രജിസ്ട്രേഷന്‍ നടപടികള്‍ അവതാളത്തില്‍. നിലവില്‍ വിവിധ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്ക് പുതിയ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ചികിത്സ തേടുന്നവര്‍ക്കായി ആശുപത്രികളില്‍ താല്ക്കാലിക എന്‍ റോള്‍മെന്റ്‌ കൗണ്ടറുകള്‍ തുറക്കാനാണ് തീരുമാനം. പുതുതായി പദ്ധതിയുടെ ഭാഗമാകുന്നവരെ ഉള്‍പ്പെടുത്താനുള്ള നടപടികളും ആയില്ല.

സംസ്ഥാനത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒറ്റക്കുടക്കീഴിലാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏപ്രില്‍ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുന്നത്. 5 ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭിക്കും. ആര്‍.എസ്.ബി.വൈ, ചിസ്, ചിസ് പ്ലസ് തുടങ്ങിയവയെല്ലാം ഇതിന് കീഴില്‍ വരും. കാരുണ്യ പദ്ധതിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലയിപ്പിച്ചതിനാല്‍ ആരോഗ്യ സഹായം ആവശ്യമുള്ളവരെല്ലാം ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഇതുവരെ സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല.

Advertising
Advertising

ഓണ്‍ലൈന്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് എന്‍ റോള്‍മെന്റ്‌ നടക്കേണ്ടത്. ഇത് നടക്കാത്തതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ചികിത്സക്ക് സഹായം ആവശ്യമുള്ളവര്‍ അതത് ആശുപത്രികളില്‍ സജ്ജമാക്കിയ എന്‍ റോള്‍മെന്റ്‌ കൗണ്ടറിലൂടെ രജിസ്ട്രേഷന്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായും പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ ചിയാക് പറയുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ രജിസ്ട്രേഷന് നടപടികള്‍ പഞ്ചായത്ത് കോര്‍പറേഷന്‍ വഴി നടക്കും. ഇത് നിലവില്‍ വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അംഗമായവര്‍ക്കാണ്.

പുതുതായി പദ്ധതിയില്‍ ചേരുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പുതുതായി പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം. നിലവില്‍ വിവിധ പദ്ധതികളില്‍ അംഗങ്ങളായ 40 ലക്ഷം കുടുംബങ്ങളും പുതുതായി 20 ലക്ഷം കുടുംബങ്ങളും അടക്കം 60 ലക്ഷം കുടുംബങ്ങള്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍ പദ്ധതിക്ക് കീഴില്‍ വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്.

Full View
Tags:    

Similar News