യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തര കടലാസ് കണ്ടെത്തിയ സംഭവം; കൂടുതൽ തെളിവുകൾ പുറത്ത്

യൂണിവേഴ്സിറ്റി കോളജ് വധശ്രമ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് 16 ബണ്ടിൽ ഉത്തരക്കടലാസുകൾ ആണ് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നത്.

Update: 2019-07-23 10:52 GMT
Advertising

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തര കടലാസുകൾ കണ്ടെത്തിയതിൽ ക്രമക്കേടിന് കൂടുതൽ തെളിവുകൾ. കണ്ടെത്തിയ ബുക് ലെറ്റുകളിലൊന്ന് പ്രണവ് എന്ന വിദ്യാർഥിക്ക് പരീക്ഷാ സമയത്ത് നൽകിയതാണെന്ന് കോളജ് പൊലീസിനെ അറിയിച്ചു. വിവാദത്തിൽ ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല.

യൂണിവേഴ്സിറ്റി കോളജ് വധശ്രമ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് 16 ബണ്ടിൽ ഉത്തരക്കടലാസുകൾ ആണ് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിലുൾപ്പെട്ട ബുക് ലെറ്റുകളിൽ ഒന്ന് കോളജിലെ പ്രണവ് എന്ന വിദ്യാർഥിക്ക് പരീക്ഷാ സമയത്ത് നൽകിയിരുന്നതാണെന്ന് കോളജ് അധികൃതർ കന്റോൺമെന്റ് പൊലീസിനെ അറിയിച്ചു.

വധശ്രമക്കേസിലെ മുഖ്യ പ്രതികൾക്കൊപ്പം പി.എസ്.സിയുടെ പൊലീസ് റാങ്ക് പട്ടികയിൽ രണ്ടാം റാങ്കുകാരനാണ് പ്രണവ്. വീട്ടിൽ കണ്ടെത്തിയ ബാക്കി ഉത്തരക്കടലാസുകൾ എവിടെ നിന്നാണെന്നതിൽ വ്യക്തതയായിട്ടില്ല. കോളജിൽ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് എത്തിയ അധികൃതർ ഉപേക്ഷിച്ചു പോയതാണ് ഉത്തരക്കടലാസുകൾ എന്ന ശിവരഞ്ജിത്തിന്റെ മൊഴിയിൽ ഇതോടെ ദുരൂഹതയേറി. അതേസമയം ഉത്തരക്കടലാസ് വിവാദത്തിൽ ഡി.ജി.പി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചില്ല. പൊലീസ് അന്വേഷണം സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് തടസമെന്നാണ് വിശദീകരണം.

Full View

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ പേരിലുള്ള വ്യാജ സീൽ പ്രതികൾ ഹാജർ നേടാൻ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ക്ലാസിൽ കയറാത്ത ദിവസങ്ങളിൽ ഹാജർ നേടാനായി ഡയറക്ടറുടെ പേരിൽ കത്ത് തയ്യാറാക്കി സീൽ പതിക്കുന്നതായിരുന്നു രീതി.

Tags:    

Similar News