ഉഷ്ണതരം​ഗ സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം

Update: 2024-05-02 10:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലവിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗത്തിലാണ് തീരുമാനം.

മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.

ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.

ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ‌ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News