കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി: ആകെ 12 മരണം
സൈന്യവും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞാണ് കലക്ടര്‍ കവളപ്പാറയിലെത്തിയത്.
മഴ കുറഞ്ഞതോടെ കവളപ്പാറയിലെ ദുരന്തഭൂമിയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. സൈന്യവും എന്‍.ഡി.എആര്‍.എഫും നാട്ടുകാര്‍ക്കൊപ്പം തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. അത്യാധുനിക സൌകര്യങ്ങള്‍ ഇന്ന് ദുരന്തമേഖലയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ദുരന്തമുണ്ടായിട്ടും കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു.
മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി. കലക്ടര്‍ക്കൊപ്പം ജില്ലാ പൊലീസ് മേധാവിയും ഡി.എം.ഒയും ഉണ്ടായിരുന്നു.