പ്രളയം തകര്‍ത്ത വ്യാപാരികള്‍ക്ക് കെെതാങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷൻ

2019 ഓഗസ്റ്റിലുണ്ടായ പ്രളയം വ്യാപാര മേഖലയെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു.

Update: 2019-12-28 12:20 GMT
Advertising

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച നിലമ്പൂർ മേഖലയിലെ ചെറുകിട കച്ചവടക്കാരുടെ പുനരധിവാസ പദ്ധതിക്ക് പ്രമുഖ സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ രൂപം നൽകി. തെരഞ്ഞെടുക്കപ്പെട്ട 245 വ്യാപാര സ്ഥാപനങ്ങൾക്ക് ഒരു കോടിയോളം രൂപയുടെ സഹായമാണ് വിതരണം ചെയ്യുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി, ചെറുകിട വ്യവസായ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തകർ സർവേ നടത്തി തെരഞ്ഞെടുത്ത ചെറുകിട കച്ചവടക്കാർക്കാണ് പദ്ധതിയിലൂടെ സഹായം ലഭ്യമാകുക. നിലമ്പൂർ, മമ്പാട്, എടവണ്ണ, ചുങ്കത്തറ, പോത്തുകല്ല് എന്നീ പ്രദേശങ്ങളിലെ 245 ചെറുകിട കച്ചവടക്കാർക്ക് 90 ലക്ഷം രൂപയുടെ സഹായമാണ് വിതരണം ചെയ്യുന്നത്. ഡിസംബർ 30ന് നിലമ്പൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ് പദ്ധതി വ്യാപാരികൾക്കായി സമർപ്പിക്കും.

2019 ഓഗസ്റ്റിലുണ്ടായ പ്രളയം വ്യാപാര മേഖലയെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. കാര്യമായ പുനരധിവാസ സഹായങ്ങൾ ലഭ്യമാകാത്ത വ്യാപാരി സമൂഹത്തിന് പീപ്പിൾസ് ഫൗണ്ടേഷൻ പദ്ധതി ഏറെ ആശ്വാസമാകും. ജനുവരി പതിനഞ്ചോടെ സഹായ വിതരണം പൂർത്തിയാക്കും.

കഴിഞ്ഞ രണ്ടു പ്രളയത്തിലും വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകിയ പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന പീപ്പിൾസ് വില്ലേജിന്റെ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്.

Tags:    

Similar News