കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയാൻ നിയന്ത്രണം കർശനമാക്കും

കേന്ദ്രം നിർദ്ദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല.

Update: 2020-06-10 07:54 GMT
Advertising

കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രം നിർദ്ദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വലിയ വർധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഒരു ഘട്ടത്തിൽ സമൂഹ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോർട്ടുകളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്തുന്നതും ആശങ്കയുണർത്തുണ്ട്. വരുന്നവർ കൃത്യമായി ക്വാറന്‍റൈനിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാർഗമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

കെഎസ്ആർടിസി എംഡിയുടെ അധിക ചുമതല സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തു. ചെയർമാന്‍റെ ചുമതല ഗതാഗത സെക്രട്ടറിയായ കെ ആർ ജ്യോതി ലാലിന് നൽകും. തിരുവനന്തപുരം - കാസർഗോഡ് അർധ അതിവേഗ റെയിൽ കോറിഡോറിന്‍റെ അലൈൻമെന്‍റ് മാറ്റത്തിനും മന്ത്രിസഭ അനുമതി നൽകി. കൊയിലാണ്ടി മുതൽ ധർമ്മടം വരെയുള്ള പ്രദേശങ്ങളിലാണ് മാറ്റം.

മാഹി ഭാഗത്ത് റെയിൽവേ ട്രാക്കിന് സമാന്തരമായി കടന്നു പോകുന്ന വിധത്തിലാണ് അലൈൻമെന്റിലെ മാറ്റം വരുത്തുന്നത്. കാസർഗോഡ് മുതൽ കൊച്ചുവേളി വരെ 532 കിലോമീറ്ററാണ് റെയിൽപാത. 180 കിലോമീറ്റർ വേഗത്തിൽ 4 മണിക്കൂർ കൊണ്ട് കാസർഗോഡ് എത്താൻ കഴിയും. 2024ൽ നിർമാണം പൂർത്തിയാക്കുന്ന പദ്ധതിക്ക് 66,000 കോടി രൂപയാണ് ചെലവ്.

Tags:    

Similar News