ഇനിയുമെത്ര മരിക്കണം? പ്രവാസ മണ്ണില്‍ കോവിഡ് കവര്‍ന്നെടുത്ത മലയാളികളുടെ ചിത്രങ്ങളുമായി മാധ്യമം ദിനപത്രം

ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. അല്ല പ്രതിഷേധം കൂടിയാണ്. പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോര്‍മുഖം തുറക്കലാണ്

Update: 2020-06-24 04:53 GMT

കോവിഡ് പ്രതിസന്ധിയില്‍ പെട്ട പ്രവാസികളുടെ മടങ്ങിവരവ് വലിയ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോള്‍‍ ഇതുവരെ വിദേശത്ത് ജീവന്‍ പൊലിഞ്ഞ മലയാളികളുടെ ചിത്രങ്ങളുമായി മാധ്യമം ദിനപത്രം. ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടില്‍ ഇന്ന് പുറത്തിറങ്ങിയ പത്രം പ്രവാസി പ്രശ്നത്തിന്‍റെ തീവ്രത എത്രയെന്ന് വിളിച്ചുപറയുന്നുണ്ട്.

ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. അല്ല പ്രതിഷേധം കൂടിയാണ്. പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോര്‍മുഖം തുറക്കലാണ്. കോവിഡ് 19 പടര്‍ന്ന് പിടിച്ച് ഓരോ ദിവസവും ജീവന്‍ പൊലിയുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഭരണകൂടത്തോട് കണ്ണ് തുറക്കാന്‍ ആവശ്യപ്പെടലാണ്. ഇതൊക്കെയാണ് പ്രവാസ മണ്ണില്‍ കോവിഡ് ജീവനെടുത്ത മലയാളികളുടെ ചിത്രങ്ങള്‍ ആദ്യ രണ്ട് പേജുകളിലായി വിന്യസിച്ച് ഭരണകൂടത്തിനും വായനക്കാര്‍ക്കും മുന്നില്‍ മാധ്യമം വയ്ക്കുന്നത്. വീടിനും നാടിനും വേണ്ടി പുറപ്പെട്ടുപോയി മഹാമാരിയുടെ പിടിയില്‍ മണ്‍മറഞ്ഞ ഈ ത്യാഗജീവിതങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പറയുന്ന പത്രം ഒന്ന് കൂടി ഓര്‍മ്മപ്പെടുത്തുന്നു.

Advertising
Advertising

നാം ഇനിയും നിശബ്ദരായാല്‍ ഈ ചിത്ര ഗ്യാലറിയിലേക്ക് കൂടുതല്‍ മുഖം ചേര്‍ക്കപ്പെടും. പ്രവാസി മടക്കത്തിന് നിബന്ധനകളുടെ വേലി കെട്ടുന്നവരോട് മറക്കരുത് മരിച്ച് കിടക്കുന്നത് നമ്മളാണെന്ന് കൂടി പറഞ്ഞ് വെയ്ക്കുന്നുണ്ട് മാധ്യമം. പ്രതിസന്ധികളുടേയും പ്രായോഗികതകളുടെയും കണക്കുകള്‍ പറഞ്ഞ് പിറന്ന് നാട് പുറം തിരിഞ്ഞ് നില്‍ക്കരുതെന്ന് പ്രവാസികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നു. ഒപ്പം ഒന്ന് കൂടി പറഞ്ഞ് നിര്‍ത്തുന്നു. പിറന്ന നാട് കാണിക്കാത്ത ഔദാര്യം അന്നം നല്‍കിയ നാട് കാണിക്കുന്നത് മാത്രമാണ് നാട്ടിലുള്ള കുടുംബങ്ങളുടെ ഏക ആശ്വാസമെന്ന്.

Full View
Tags:    

Similar News