തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല, പത്രിക പിന്‍വലിക്കും: മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാർഥി കെ. സുന്ദര

ബിജെപിയുടെ ഭീഷണിയെ തുടർന്നാണ് സുന്ദര പത്രിക പിൻവലിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിഎസ്‍പി ജില്ലാ കമ്മിറ്റി ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു

Update: 2021-03-22 06:37 GMT

മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാർഥി കെ. സുന്ദര ഇന്ന് നാമനിർദേശ പത്രിക പിൻവലിക്കും. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് സുന്ദര വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ ഭീഷണിയെ തുടർന്നാണ് സുന്ദര പത്രിക പിൻവലിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിഎസ്‍പി ജില്ലാ കമ്മിറ്റി ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സൌഹൃദ സംഭാഷണം മാത്രമാണ് ബിജെപിയുമായി ഉണ്ടായതെന്നും കെ. സുന്ദര മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ബിജെപിയില്‍ ചേര്‍ന്നെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് അപരനായി മത്സരിച്ച വ്യക്തിയാണ് കെ. സുന്ദര. ഇത്തവണ മഞ്ചേശ്വരത്ത് ബി എസ്‍ പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ഇന്നലെ മുതല്‍ സുന്ദരയെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. സുന്ദരയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുന്ദരക്ക് സംരക്ഷണം നല്‍കണമെന്നും ബിഎസ്‍പി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുന്ദര ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.

2016ൽ മഞ്ചേശ്വരത്ത് കെ സുന്ദര സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് 467 വോട്ടുകൾ നേടിയിരുന്നു. ആ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും കാസര്‍ക്കോട്ടെ മഞ്ചേശ്വരത്തും.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News