ശബരിമല: ഇടത് നേതാക്കള്‍ അതിര് കടക്കുന്നുവെന്ന് എൻഎസ്എസ്

'എൻഎസ്എസ് എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്. അതിൽ രാഷ്ട്രീയമില്ല'

Update: 2021-03-22 10:40 GMT
Advertising

ശബരിമല വിഷയത്തിൽ ഇടത് നേതാക്കളുടെ പ്രതികരണം അതിര് കടക്കുന്നുവെന്ന് എൻഎസ്എസ്. എൻഎസ്എസ് എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്. അതിൽ രാഷ്ട്രീയമില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഏതെങ്കിലും സർക്കാരുകളുടെ പടിവാതിക്കല്‍ പോയിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

അധികാരത്തിന്‍റെ തണലിൽ വിശ്വാസ സംരക്ഷണം ചിലർ മറന്നുപോകുന്നു. അതിന്‍റേതായ തിരിച്ചടിയുണ്ടാകുമെന്നാണ് എന്‍എസ്എസിന്‍റെ മുന്നറിയിപ്പ്. എൻഎസ്എസിനെതിരായ വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അതേസമയം താനും എൻഎസ്എസും തമ്മിലുള്ള സൗഹൃദത്തിന് കുറവില്ലെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. താൻ സത്യം പറയുന്നത് കൊണ്ടാകും എൻഎസ്എസ് ചിലപ്പോൾ എതിർക്കുന്നത്. ശബരിമലയെ കുറിച്ചുള്ള എൻഎസ്എസ് പ്രസ്താവനയിൽ രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടി വരും. എൻഎസ്എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് നിങ്ങൾ വിലയിരുത്തൂ. സർക്കാരിന് ശബരിമല വിഷയത്തിൽ നിലപാടുണ്ട്. അത് എല്ലാ ദിവസവും പറയേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News