'വര്‍ഗീയതക്ക് ബദല്‍ ഇടതുപക്ഷം': പി.ഡി.പി പിന്തുണ എല്‍.ഡി.എഫിന്

കേരളത്തിലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പി.ഡി.പി എല്‍.ഡി.എഫിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്

Update: 2021-04-04 13:08 GMT
Advertising

2021 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണക്കുമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. കേരളത്തിലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പി.ഡി.പി എല്‍.ഡി.എഫിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ദലിത് -പിന്നോക്ക-മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനും വംശീയ ഉന്മൂലനത്തിനും ശ്രമിക്കുമ്പോഴും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും പി.ഡി.പി വിമർശനം ഉന്നയിക്കുന്നു.

ഫാസിസത്തിനെതിരെയെന്ന് പറഞ്ഞ് പാര്‍ലിമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കള്‍ ഡല്‍ഹിയിലെ യുദ്ധം മതിയാക്കി തിരിച്ചെത്തി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേക്കേറുന്നു. ഫാസിസത്തിനും സംഘ്പരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നും അതുകൊണ്ടാണ് എല്‍.ഡി.എഫിനെ പിന്തുണക്കുന്നതെന്നും പി.ഡി.പി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

പരസ്യപ്രചാരണങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്തൊട്ടാകെ ബൂത്തുതലം മുതല്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കുകയും ഇടതു സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയത്തിന് വേണ്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും പി.ഡി.പി കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി സംഘടനാ കാര്യജനറൽ സെക്രട്ടറി വി.എം അലിയാർ പ്രസ്താവനയിൽ അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News