കരിക്കു കൊണ്ട് മർദിച്ചു, വാരിയെല്ല് പൊട്ടി; പൊലീസിനെ വെട്ടിലാക്കി വൈദ്യപരിശോധനാ റിപ്പോർട്ട്
10 ദിവസം മുൻപാണ് അരിമ്പൂർ സ്വദേശി സുനിൽകുമാറിനെ വെളുത്തൂർ ക്ഷേത്രോത്സവത്തിനിടെ നടന്ന ഗാനമേളക്കിടെയുണ്ടായ പ്രശ്നങ്ങളെ തുടർന്ന് അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃശൂർ: അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ പട്ടികജാതിക്കാരനെ മർദിച്ചെന്ന പരാതിയിൽ പൊലീസിനെ വെട്ടിലാക്കി വൈദ്യപരിശോധനാ റിപ്പോർട്ട്. അരിമ്പൂർ വെളുത്തൂർ സ്വദേശി സുനിൽ കുമാറിന്റെ രണ്ടുവാരിയെല്ലുകൾ പൊട്ടിയതായി സ്കാനിങിൽ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും ആരോപണമുണ്ട്. അന്തിക്കാട് സി.ഐ വിനീഷ്, പൊലീസുകാരനായ അനൂപ് എന്നിവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.
10 ദിവസം മുൻപാണ് അരിമ്പൂർ വെളുത്തൂർ സ്വദേശി വടക്കുംതല വീട്ടിൽ സുനിൽകുമാറിനെ വെളുത്തൂർ ക്ഷേത്രോത്സവത്തിനിടെ നടന്ന ഗാനമേളക്കിടെയുണ്ടായ പ്രശ്നങ്ങളെ തുടർന്ന് അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ സുനിൽകുമാറിന്റെ സഹോദരീ പുത്രനടക്കം 15 പേരെ സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇവരെ പുലർച്ചയോടെ സമീപത്തുള്ള പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലെത്തിച്ച് കരിക്ക് തുണിയിൽ കെട്ടി മർദിച്ചതായാണ് പരാതി.