Writer - അൻഫസ് കൊണ്ടോട്ടി
anfas123
എറണാകുളം: പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവറും സി.കെ ജാനുവും. എറണാകുളം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളായി പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെയും ജെആര്‍പിയെയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഗസ്റ്റ് ഹൗസിലെത്തിയ അന്‍വറിനെയും ജാനുവിനെയും പ്രതിപക്ഷനേതാവ് വി.ഡി സതീശനും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്വാഗതം ചെയ്തു.
'ഡിഎഫിന്റെ ഭാഗമായി ഒന്നിച്ചുപോകും. മുത്തങ്ങ ഒരു യഥാര്‍ത്ഥ്യമാണ്. പക്ഷേ, പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് കൂടെ നിന്നത് യുഡിഫ് ആണ്. മുത്തങ്ങയില്‍ സമരം ചെയ്തവര്‍ക്ക് ഭൂമി നല്‍കിയത് യുഡിഫ് ആണ്. ഉപാധി എന്ന ചോദ്യത്തിന് പ്രസക്തമില്ല. ഉപാധി വച്ചു പരാതി പറയേണ്ട കാര്യമില്ലല്ലോ. പ്രായോഗികമായ കാര്യങ്ങള്‍ പറഞ്ഞു. അര്‍ഹമായ പരിഗണന തെരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. മുത്തങ്ങ മാറില്ല. എന്നും മനസില്‍ ഉണ്ട്. പരസ്പരം വെട്ടുന്നവര്‍ പോലും പിന്നീട് കൈ കൊടുക്കുന്നു. അതിനപ്പുറം ഇതിലും ഇല്ല.' സി.കെ ജാനു പറഞ്ഞു.
നന്ദി പറയുകയെന്ന് മാത്രമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും പിണറായിസം അവസാനിപ്പിക്കാനുള്ള പോരാട്ടം തുടരുമെന്ന് പി.വി അന്‍വറും മാധ്യമങ്ങളോട് പ്രതികരിച്ചു.
അനൗദ്യോഗിക കൂടിക്കാഴ്ചയാണെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മുന്നണിയുടെ ഭാവിയുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളൊന്നും നടക്കുകയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഡിഎഫ് പറയുന്നിടത്ത് മത്സരിക്കാന്‍ തയ്യാറാണെന്നും മത്സരിക്കേണ്ടെന്നാണ് തീരുമാനമെങ്കില്‍ അതും അനുസരിക്കാന്‍ തയ്യാറാണെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. മുന്നണിപ്രവേശനത്തില്‍ പാര്‍ട്ടിയിലുള്ളവരെല്ലാം സന്തോഷത്തിലാണെന്നും പായസം വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുകയാണെന്നും സി.കെ ജാനുവും പ്രതികരിച്ചിരുന്നു.