ചെടിച്ചട്ടി കൊണ്ട് തലക്കടിക്കുന്ന 'രക്ഷാപ്രവര്‍ത്തകരുടെ' നാട്ടില്‍ റീത്ത് വെക്കല്‍ തല്‍ക്കാലത്തേക്കെങ്കിലും സമാധാനപരമായ പ്രതിഷേധ മാര്‍ഗം :വി.ടി ബല്‍റാം

സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലാപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ലെന്നും ബല്‍റാം പറഞ്ഞു

Update: 2026-02-21 17:16 GMT

VT Balram | Photo | Facebook

പാലക്കാട്: മന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ച് പ്രതിഷേധിച്ച സംഭത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ചെടിച്ചട്ടി കൊണ്ട് തലക്കടിക്കുന്ന ക്രിമിനലുകളെ 'രക്ഷാപ്രവര്‍ത്തകരാ'യി കാണുന്ന ഒരാള്‍ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന നാടാണിത്. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാര്‍ഗം എന്ന നിലയില്‍ ഈ നിരുപദ്രവകരമായ റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടില്‍ റീത്ത് വെച്ചത്.

Advertising
Advertising

'വീട്ടുപടിക്കല്‍ റീത്ത് വെക്കുന്നതിലെ ''ജനാധിപത്യ വിരുദ്ധത'' ചര്‍ച്ച ചെയ്യാന്‍ മാത്രം ജനാധിപത്യ സംസ്‌കാര വളര്‍ച്ചയൊന്നും കേരളത്തിനായിട്ടില്ല. ചെടിച്ചട്ടി കൊണ്ട് തലക്കടിക്കുന്ന ക്രിമിനലുകളെ 'രക്ഷാപ്രവര്‍ത്തകരാ'യി കാണുന്ന ഒരാള്‍ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന നാടാണിത്. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാര്‍ഗം എന്ന നിലയില്‍ ഈ നിരുപദ്രവകരമായ റീത്ത് വെക്കലിന് പ്രസക്തിയുണ്ട്. വെന്റിലേറ്ററിലായ കേരള ആരോഗ്യ സിസ്റ്റത്തിലെ യഥാര്‍ഥ വീഴ്ചകള്‍ തന്നെയാണ് ഇവിടെ ചര്‍ച്ചയാവേണ്ടത്. സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലാപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ല.' -ബല്‍റാം പറഞ്ഞു.

അതേസമയം, ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും റീത്ത് വെക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയിലെന്ന് വരുത്താനും കുത്തകകളെ സഹായിക്കാനുമുള്ള ശ്രമമാണ് അക്രമത്തിന് പിന്നില്‍. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് പരാജയ ഭീതിയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News