'സഖാവായാലും സംഘിയായാലും പിണറായിക്കാലത്ത് നിയമം കാറ്റില്‍പറത്തി പുറത്തിറങ്ങാം'; രൂക്ഷ വിമര്‍ശനവുമായി പി.കെ നവാസ്

'പോക്‌സോ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്ന് ബിജെപി നേതാവ് പത്മരാജന് സര്‍ക്കാര്‍ ഇടപെട്ട് ജാമ്യം അനുവദിക്കുന്നതിൻ്റെ അടിസ്ഥാനമെന്ത്'

Update: 2026-02-21 12:41 GMT

കോഴിക്കോട്: പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് നേതാവ് പി.കെ നവാസ്. സഖാവായാലും സംഘിയായാലും, കൊലക്കേസിലോ പോക്‌സോ കേസിലോ പ്രതിയായാലും, പിണറായി ഭരണകാലത്ത് നിയമം കാറ്റില്‍ പറത്തിക്കൊണ്ട് പുറത്തിറങ്ങി നടക്കാം. പോക്‌സോ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്ന് ബിജെപി നേതാവ് പത്മരാജന് സര്‍ക്കാര്‍ ഇടപെട്ട് ജാമ്യം അനുവദിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്നും പി.കെ നവാസ് ചോദിച്ചു.

Advertising
Advertising

ഫെബ്രുവരി മൂന്നിന് ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ പരോള്‍ അനുവദിച്ചത് പൂര്‍ത്തിയായിട്ടും പ്രതിയെ ജയിലില്‍ തിരിച്ചെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പി.കെ നവാസ് ചോദിക്കുന്നു. ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ജയില്‍ സൂപ്രണ്ടിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെ പരമാവധി 15 ദിവസം മാത്രമേ ജാമ്യം അനുവദിക്കാനാകൂ എന്നിരിക്കെ, 30 ദിവസത്തെ പരോള്‍ അനുവദിച്ചതിന്റെ നിയമപരമായ ആധാരം എന്താണ്? ജീവിതാവസാനം വരെ ശിക്ഷ വിധിക്കപ്പെട്ട പോക്‌സോ കേസില്‍ സര്‍ക്കാരിന്റെ തുറന്ന ചട്ടലംഘനം ഒരു സാധാരണ നടപടിക്രമ പിഴവല്ല. അത് രാഷ്ട്രീയ ബാന്ധവത്തിന്റെ നഗ്‌നചിത്രമാണ്. സിപിഎം ബിജെപി ബന്ധത്തിന്റെ ഈ ഇരട്ടത്താപ്പ് മലയാളി ജനത തിരിച്ചറിയണം. ചോദ്യങ്ങള്‍ ചോദിക്കണം. നീതിക്ക് വേണ്ടി ശബ്ദിക്കണം -ഫേസ്ബുക്ക് പോസ്റ്റില്‍ നവാസ് പറഞ്ഞു.

ശിക്ഷ റദ്ദാക്കണമെന്ന പത്മരാജന്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ ആണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഫ്രെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാല്‍ സൂപ്രണ്ട് നല്‍കിയ പരോളിന് ശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്നാണ് കൂടുതല്‍ ദിവസത്തെ പരോള്‍ നല്‍കിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജന്‍ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.

പരോള്‍ അനുവദിച്ചത് ജയില്‍ ചട്ടത്തിന് വിരുദ്ധമെന്നാണ് ആരോപണം. ചട്ടത്തിലെ 307 വകുപ്പ് പ്രകാരം ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇത്തരത്തിലുള്ള സാധാരണ പരോളുകള്‍ അനുവദിക്കാന്‍ പാടില്ലയെന്നാണ്. മരണം ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ അനുവദിക്കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിന് അഞ്ച് ദിവസം കൂടി അധികമായി നല്‍കാം എന്നിങ്ങനെയാണ് കണക്ക്. ഇത് മറികടന്നാണ് പരോള്‍ അനുവദിച്ചത്. ഹൈക്കോടതിക്ക് പോലും ഇത്തരം കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ നിയമപരമായി തടസം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News