Writer - അൻഫസ് കൊണ്ടോട്ടി
anfas123
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ ആര്‍എസ്എസ് സംഘം ആക്രമിച്ച കുട്ടികളുടെ കരോള്‍ സംഘത്തെ അധിക്ഷേപിച്ച് ബിജെപി നേതാക്കള്‍. സംഘര്‍ഷമുണ്ടാക്കാന്‍ കരോള്‍ സംഘം മദ്യപിച്ചാണ് എത്തിയതെന്ന്
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. മാന്യമല്ലാതെ കരോള്‍ നടത്തിയാല്‍ അടി കിട്ടുമെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. കരോളിനെതിരായ ആക്രമണം പാലക്കാട് ബിഷപ്പ് അപലപിച്ചു.
കഴിഞ്ഞദിവസമാണ് പാലക്കാട് പുതുശ്ശേരി സുരഭി നഗറില്‍ വെച്ച് പ്രദേശവാസികളായ കുട്ടികളുടെ കരോള്‍ സംഘത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആശ്വിന്‍ രാജ് ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. എന്നാല്‍ കുട്ടികളുടെ കരോള്‍ സംഘത്തെ അധിക്ഷേപിക്കുകയാണ് ബിജെപി. കരോള്‍ സംഘം മദ്യപിച്ച് മനപൂര്‍വം പ്രകോപനം ഉണ്ടാക്കിയെന്നായിരുന്നു സംസ്ഥാന ഉപാധ്യക്ഷന്‍ കൃഷ്ണകുമാറിന്റെ പ്രതികരണം. സംഭവത്തില്‍ അപലപിച്ച് പാലക്കാട് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ രംഗത്തെത്തി.
കരോള്‍ സംഘത്തെ വടി ഉപയോഗിച്ച് ആക്രമിച്ചതിന് പ്രതി അശ്വിന്‍ രാജിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നേരത്തെ വധശ്രമത്തിനും കലാപാഹ്വാനത്തിനുമായിരുന്നു പ്രതിക്കെതിരെ കേസെടുത്തത്.