കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മത്സരിക്കണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് എൻസിപി നേതൃത്വമാണ്. താന്‍ മത്സരിക്കില്ലെന്ന് പരസ്യമായി പറഞ്ഞ കോഴിക്കോട്ടെ നേതാവായ മുക്കം മുഹമ്മദിന് പാളിച്ച പറ്റിയെന്ന എ.കെ ശശീന്ദ്രന്‍ മീഡീയവണിനോട് പറഞ്ഞു. സംഘടനാ ബോധത്തിന്റെ കുറവാണ് ആ പ്രസ്താവനയെന്നും എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.
'മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല, മറിച്ച് എൻസിപി നേതൃത്വമാണ്. ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. പാർട്ടിയുടെ അച്ചടക്കം ലംഘിക്കില്ല. പാർട്ടി ആവശ്യപ്പെട്ടാൽ എത്ര ബുദ്ധിമുട്ടുണ്ടായാലും മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ മാറിനിൽക്കും'- മന്ത്രി പറഞ്ഞു.
ഓരോരുത്തർക്കും അവരുടെ പ്രയാസങ്ങൾ പാർട്ടിയെ അറിയിക്കാം, എന്നാൽ അന്തിമ തീരുമാനം പാർട്ടി അനുമതിയോടെ ആയിരിക്കണം. എൻസിപിയെ സംബന്ധിച്ച് ആകെ മൂന്ന് സീറ്റുകളാണുള്ളത്. ഇതിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ദീർഘകാലത്തെ ചർച്ചയുടെ ആവശ്യമില്ല. പാർട്ടി കമ്മറ്റി ചേരുമ്പോൾ തന്റെ താൽപ്പര്യങ്ങളും പ്രയാസങ്ങളും അറിയിക്കുമെന്നും അതിന് ശേഷം പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു
പാർട്ടിയിൽ അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്, എന്നാൽ അത് എവിടെ, എപ്പോൾ, ആരോട് പറയണം എന്ന കാര്യത്തിൽ കോഴിക്കോട്ടെ ചില നേതാക്കൾക്ക് പാളിച്ച പറ്റിയെന്നും അത് അവര്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ശശീന്ദ്രൻ ഇനി മത്സരിക്കില്ലെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. 'നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി ശശീന്ദ്രന് നൽകി. ഇനി മത്സരിക്കില്ലെന്ന് ശശീന്ദ്രൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നുവെന്നും പകരം വരുന്ന സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുക്കം മുഹമ്മദ് പറഞ്ഞിരുന്നു.
'മന്ത്രി യുവാക്കൾക്കായി വഴിമാറുമെന്നും പകരം വരുന്ന സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.അധികാരക്കൊതി മൂത്ത ഒരാളല്ല എ.കെ ശശീന്ദ്രൻ. നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി ശശീന്ദ്രന് നൽകിയെന്നും മുക്കം മുഹമ്മദ് പറഞ്ഞിരുന്നു.