മീഡിയവൺ ബിസിനസ് കോൺക്ലേവ് വെബ്സൈറ്റ് പ്രകാശനം ചെയ്ത് മന്ത്രി ശിവൻകുട്ടി
2026 ഫെബ്രുവരി 8 ന് കൊച്ചിയിലാണ് മീഡിയ വൺ ബിസിനസ് കോൺക്ലേവ് നടക്കുക
തിരുവനന്തപുരം: ഒരു മാധ്യമ സ്ഥാപനം നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമമായ മീഡിയവൺ ബിസിനസ് കോൺക്ലേവ് 2026- ന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു.
സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പ്രകാശനം നിർവഹിച്ചത്. മീഡിയവൺ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ യു. ഷൈജു, തിരുവനന്തപുരം റീജിയണൽ ബ്യൂറോ ചീഫ് സുനിൽ ഐസക്, മീഡിയ സൊല്യൂഷൻസ് ചീഫ് മാനേജർ ശ്രീകുമാർ വി, അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി മാനേജർ സമീർ നീർകുന്നം എന്നിവർ പങ്കെടുത്തു.
2026 ഫെബ്രുവരി 8 ന് കൊച്ചിയിലാണ് മീഡിയ വൺ ബിസിനസ് കോൺക്ലേവ് നടക്കുക. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഊർജം പകരുന്നതാണ് ഇത്തരം കോൺക്ലേവുകളെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. മാധ്യമ സ്ഥാപനം എന്ന നിലയിൽ മീഡിയ വൺ ഇത്തരം ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനെ മന്ത്രി അഭിനന്ദിച്ചു.
മൂന്ന് വേദികളിലായി 1500 ലധികം പേർ പങ്കെടുക്കുന്ന, വിവിധ വിഷയങ്ങളിൽ 15 ലധികം സെഷനുകളിൽ വ്യാപാര രംഗത്തെ പ്രമുഖരും അകാദമിക് വിദഗ്ദ്ധരുമടക്കം അൻപതോളം പേർ സംവദിക്കുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് മീഡിയ വൺ ബിസിനസ് കോൺക്ലേവ്. സംരഭകർ, സിഎക്സ്ഓ, എംഎസ്എംഇ ലീഡർമാർ, ഇന്നോവേറ്റർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ബിസിനസ് കൺസൾട്ടന്റുമാർ, അക്കാദമിക് വിദഗ്ധർ, ബിസിനസ് പ്രൊഫഷണൽസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് കോൺക്ലേവിൽ പങ്കാളികളാകുക.
വിവിധ മേഖലകളിലെ ആശയവിനിമയങ്ങൾക്ക് പ്രത്യേക ഡസ്കുകളും പ്രവർത്തിക്കും.ബിസിനസ് രംഗത്തെ അതികായകരെ ആദരിക്കുന്ന മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരം കോൺക്ലേവിൽ വിതരണം ചെയും. കോൺക്ലേവിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി mbc.mediaoneonline.com സന്ദര്‍ശിക്കുക.