Writer - അൻഫസ് കൊണ്ടോട്ടി
anfas123
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എസ്‌ഐടി അന്വേഷണം എഡിജിപിമാരായ പി.വിജയന്‍, എസ്. ശ്രീജിത്ത് എന്നിവര്‍ തടസപ്പെടുത്തുന്നുവെന്ന് ഹൈക്കോടതിയില്‍ ഹരജി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ നല്‍കിയ ഹരജിയില്‍ കക്ഷിചേര്‍ന്ന് എറണാകുളം സ്വദേശി എം. ആര്‍ അജയന്‍ നല്‍കിയ ഹരജിയിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇരുവര്‍ക്കും സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും മുന്‍ ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസിന്റെ മകന്‍ ഡിഐജി ഹരിശങ്കര്‍ ഉള്‍പ്പെടെ എസ്‌ഐടി അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന് വ്യവസായി മൊഴി നല്‍കിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങള്‍ വാങ്ങിയത് 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയെന്നും മൊഴി. 'ഡി മണി' എന്നറിയപ്പെടുന്ന ആള്‍ ആരാണ് എന്നതിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് വ്യവസായി കൈമാറിയിട്ടുണ്ട്. രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയാണ് എസ്‌ഐടിക്ക് മൊഴി നല്‍കിയത്.
2019, 2020 കാലയളവിലാണ് നാല് വിഗ്രഹങ്ങള്‍ കടത്തിയത്. പണം കൈമാറിയത് 2020 ഒക്ടോബര്‍ 26നെന്നും പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായിയുടെ മൊഴിയില്‍ പറയുന്നു. ചെന്നൈയിലുള്ളയാളും ഇടനിലക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ശബരിമലയിലെ ഉന്നത ബന്ധമുള്ള വ്യക്തിയും തിരുവനന്തപുരത്തെ സ്വകാര്യം ഹോട്ടലില്‍ എത്തി കച്ചവടം ഉറപ്പിച്ച് പണം കൈമാറുകയും തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങള്‍ കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്.
ഇവര്‍ മൂന്ന് പേരും ഹോട്ടലില്‍ വന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് വ്യവസായി കൈമാറിയത്. നേരത്തെ രമേശ് ചെന്നിത്തലയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. അദ്ദേഹവുമായി ബന്ധമുള്ള ഒരു വ്യവസായി അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘവുമായി ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം അതീവ രഹസ്യമായി ഇയാളുടെ മൊഴിയെടുക്കുകയായിരുന്നു. ഇതിലാണ് ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരുന്നത്.