Writer - അൻഫസ് കൊണ്ടോട്ടി
anfas123
പാലക്കാട് വാളയാറിലെ വംശീയക്കൊലയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി, എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
നിലവില്‍ ഏഴുപേരെയാണ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ പൊലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് അവശേഷിക്കുന്ന പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് സൂചനകള്‍. കേസില്‍ ആള്‍ക്കൂട്ടക്കൊല, എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം, കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് രാവിലെ 11.30നുള്ള വിമാനത്തില്‍ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയിരുന്നു.
ആള്‍ക്കൂട്ട കൊലപാതകത്തില്‍ നീതി വേണമെന്ന് കൊല്ലപ്പെട്ട നാംരാരായണന്റെ ഭാര്യ ലളിത മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
ചെറിയ മാനസിക പ്രശ്നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.