ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന തെറ്റ്; സർക്കാരിൽ നിന്ന് ഒന്നും ലഭിച്ചിട്ടില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്

ഓൺലൈൻ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചതുവഴി ചെറുകിട കച്ചവടക്കാർ വലിയ പ്രതിസന്ധിയിലാണെന്നും കുഞ്ഞാവു ഹാജി മീഡിയവണിനോട് പറഞ്ഞു

Update: 2026-02-14 05:06 GMT

മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന തെറ്റാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി മീഡിയവണിനോട്. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും ഇതുവരെയും നടന്നിട്ടില്ലെന്നും എം.വി ഗോവിന്ദന്റെ പ്രസ്താവനയോട് കൂടി വ്യാപാരികള്‍ക്കിടയില്‍ ആശയക്കുഴപ്പവും അമര്‍ഷവുമുണ്ടായെന്നും കുഞ്ഞാവു ഹാജി പറഞ്ഞു. സാധാരണത്തില്‍ അപ്പുറം ഒരു സഹായവും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ഓണ്‍ലൈന്‍ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതുവഴി ചെറുകിട കച്ചവടക്കാര്‍ വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

'വ്യാപാരി വ്യവസായി ഏകോപന സമിതി ഇടതുപക്ഷത്തിനോടൊപ്പമാണെന്ന ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവന സത്യത്തില്‍ വ്യാപാരികളെ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടൊന്നുമില്ല. സ്വാഭാവികമായും നിറയെ ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി പറയുമ്പോള്‍ പിന്തുണ പ്രഖ്യാപിച്ചെന്നൊക്കെ തോന്നിപ്പോകും. ഞങ്ങള്‍ക്കും അങ്ങനെ തോന്നിയിരുന്നു. യോഗത്തിലെടുത്ത തീരുമാനമായിരുന്നില്ല അത്. ഞങ്ങള്‍ക്കും അത്ഭുതമായിരുന്നു. നിലവില്‍ ഒരുപാര്‍ട്ടിക്കും ഞങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പത്രികകളൊക്കെ പുറത്തിറക്കിയതിന് ശേഷം വ്യാപാരികളെ പരിഗണിക്കുന്നവരുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയാല്‍ അവരുമായി സംസാരിക്കും. വേണ്ടത് തീരുമാനിക്കും'. കുഞ്ഞാവു ഹാജി പറഞ്ഞു.

'ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയാണ് ഞങ്ങളുടെ പ്രവര്‍ത്തകരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയത്. ആരുമായി കൂട്ടുകൂടാനും കൂടാതിരിക്കാന്‍ ഞങ്ങളൊരുക്കമാണ്. തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയ ശേഷം ഞങ്ങളെക്കുറിച്ച് കാര്യമായി സംസാരിക്കുന്നതാരോ അവരോടൊപ്പം നില്‍ക്കുന്ന കാര്യം ആലോചിക്കും. തീരുമാനമെടുത്ത് കഴിഞ്ഞാല്‍ പിന്നെ പിന്തിരിയാന്‍ പാടില്ലല്ലോ. ചെറുകിട കച്ചവടക്കാര്‍ നിലവില്‍ ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പലകുറി സര്‍ക്കാരിനോട് ഇത്തരം കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അനുകൂല സമീപനം ഉണ്ടായിട്ടില്ല. ഇനി വരാനിരിക്കുന്ന സര്‍ക്കാരിനോടും ഇതേ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചുപറയാനുള്ളത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രാജു അപ്‌സരയുടെ പ്രസ്താവന തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഏകോപനസമിതി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന വാദം മാധ്യമ അജണ്ടയാണെന്നും ദേവസ്യ മേച്ചേരി പറഞ്ഞിരുന്നു. സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഏകപക്ഷീയമായ പിന്തുണ പ്രഖ്യാപിക്കില്ലെന്നും സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി വന്നാല്‍ പിന്തുണക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News