കോടതി ഉത്തരവ് പാലിച്ചില്ല; ആന്ധ്രയിൽ സ്പെഷ്യൽ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഒരുമാസം ജയിൽ ശിക്ഷ

കോടതിയുടെ ഉത്തരവുകൾ കൃത്യസമയത്ത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജി

Update: 2022-05-07 06:57 GMT
Editor : Lissy P | By : Web Desk
Advertising

അമരാവതി: കോടതിയലക്ഷ്യത്തിന് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഒരു മാസത്തെ തടവും 2000 രൂപ വീതം പിഴയും വിധിച്ചു. കോടതി ഉത്തരവുകൾ ലംഘിക്കുകയും ഉത്തരവുകൾ പറഞ്ഞ സമയത്ത് നടപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതിന് സ്പെഷ്യൽ ചീഫ് സെക്രട്ടറി (കൃഷി) പൂനം മാലകൊണ്ടയ്യ, അന്നത്തെ കൃഷി സ്പെഷ്യൽ കമ്മീഷണർ എച്ച്.അരുൺ കുമാർ, അന്നത്തെ കർണൂൽ ജില്ലാ കലക്ടർ ജി വീരപാണ്ഡ്യൻ എന്നിവർക്കാണ് ശിക്ഷവിധിച്ചത്. ജസ്റ്റിസ് ബി ദേവാനന്ദാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി ഉത്തരവിട്ടത്.

വില്ലേജ് അഗ്രികൾച്ചർ അസിസ്റ്റന്റ് (ഗ്രേഡ്-2) തസ്തികയിലേക്കുള്ള അപേക്ഷ  പരിശോധിക്കാനും   രണ്ടാഴ്ചയ്ക്കകം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനും 2019 ഒക്ടോബറിൽ ജഡ്ജി സർക്കാർ അധികാരികളോട് നിർദേശിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അത് പാലിച്ചില്ല.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഹരജിക്കാരൻ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. 2020 നവംബറിലാണ് കോടതിയലക്ഷ്യത്തിന് ഹരജി ഫയൽ ചെയ്തു. എന്നാല്‍ 2020 ഡിസംബറിലാണ് അപേക്ഷകൻ വില്ലേജ് അഗ്രികൾച്ചർ അസിസ്റ്റന്റ് (ഗ്രേഡ് -2) തസ്തികയിലേക്ക് പരിഗണിക്കാൻ യോഗ്യനല്ലെന്ന് അധികാരികൾ വ്യക്തമാക്കിയത്. 

കോടതിയുടെ ഉത്തരവുകൾ കൃത്യസമയത്ത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജി നിരീക്ഷിച്ചു. ഉത്തരവുകൾ പാലിക്കാൻ സമയം നീട്ടിനൽകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അരുൺകുമാറിന്റെയും വീരപാണ്ഡ്യന്റെയും അഭ്യർഥന മാനിച്ച് ജഡ്ജി ആറാഴ്ചത്തേക്ക് ശിക്ഷ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. മെയ് 13 നോ അതിനുമുമ്പോ ഹൈക്കോടതി രജിസ്ട്രാർ (ജുഡീഷ്യൽ) മുമ്പാകെ കീഴടങ്ങാൻ ജസ്റ്റിസ് ദേവാനന്ദ് പൂനം മലകൊണ്ടയ്യയോട് നിർദേശിക്കുകയും ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News