മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം: 39 കേസുകൾ രജിസ്റ്റർ ചെയ്തു

ഏരൂരിലും കായംകുളത്തും രണ്ടുപേർ അറസ്റ്റിൽ

Update: 2024-08-02 15:07 GMT

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 39 കേസുകൾ. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കണ്ടെത്തി. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരെ വലിയ രീതിയിൽ പ്രചാരണം നടന്നത്.

Advertising
Advertising

കൊല്ലം ഏരൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ഇളവറാംകുഴി മാവിളയിൽ വീട്ടിൽ രാജേഷിനെയാണ് (32) സൈബർ സെൽ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

Malluboys 88 എന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകൾ വഴിയാണ് ഇയാൾ വിഡിയോ പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്നും തട്ടിപ്പാണെന്നും പറഞ്ഞുകൊണ്ട് പോസ്റ്റിട്ടതിനെ തുടർന്ന് തിരുവനന്തപുരം സൈബർ സെൽ ഇത് കണ്ടെത്തുകയും തുടർന്ന് കൊട്ടാരക്കര സൈബർ സെല്ലിന് കൈമാറുകയായിരുന്നു. കൊട്ടാരക്കര സൈബർസെല്ലിന്റെ സഹായത്തോടെ ഏരൂർ പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.

കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുണിനെയും (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‍ക്കെതിരെ ഫേസ്ബുക്ക് വഴി പ്രചാരണം നടത്തിയതിനാണു നടപടി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News