ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം
മരിച്ചത് കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകൾ അഹല്യ കൃഷ്ണ
കോഴിക്കോട് പേരാമ്പ്രയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ലോറി ഇടിച്ച് പതിനാല് വയസുകാരിക്ക് ദാരുണാന്ത്യം. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ അഹല്യ കൃഷ്ണ(15) ആണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഹല്യ. പേരാമ്പ്ര-കുറ്റ്യാടി റോഡിൽ കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.
പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യ. പിന്നാലെ വന്ന ലോറി എതിർദിശയിൽനിന്നുള്ള വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം അപകട മേഖലയാണിത്. കോഴിക്കോട് ഡി.സി.സിയില്‍ ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പിതാവ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് വിവരം അറിയുന്നത്.