കേരളത്തിൽ ജാതി സെൻസസ് നടത്തണം; വെൽഫയർ പാർട്ടി

'വിദ്യാഭ്യാസ-അധികാര മേഖലകളിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം'

Update: 2025-08-30 14:03 GMT

തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ട വിവിധ പിന്നാക്ക ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ - അധികാര മേഖലകളിൽ ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്ത ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഇതിന്റെ ആദ്യപടിയായി സമഗ്രമായ ജാതി സെൻസസ് നടപ്പിലാക്കണം.

മഹാത്മാ അയ്യൻകാളിയുടെ 162-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സാമൂഹ്യനീതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യൻകാളി ഉയർത്തിയ രാഷ്ട്രീയ ആവശ്യങ്ങളോട് കേരളത്തിലെ മാറി വരുന്ന ഭരണകൂടങ്ങൾ പുറം തിരിഞ്ഞു നിന്ന സാഹചര്യത്തിലാണ് വെൽഫെയർ പാർട്ടി സാമൂഹ്യനീതി സമ്മേളനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

പ്രജാസഭ സമ്മേളനങ്ങളിൽ മഹാത്മാ അയ്യൻകാളി നടത്തിയ പ്രഭാഷണങ്ങളിൽ വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തത്തെ കുറിച്ചാണ് സംസാരിച്ചത്. അധഃസ്ഥിത സമുദായങ്ങൾക്ക് ലഭിക്കേണ്ടുന്ന നീതിപൂർവകമായ പ്രാതിനിധ്യമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി പ്രജാസഭയിൽ വിവിധ സമുദായങ്ങളുടെ പ്രതിനിധികളെ ഉൾക്കൊള്ളിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. മറ്റ് നവോത്ഥാന നായകരിൽ നിന്ന് വ്യത്യസ്തമായി ദലിത് സമൂഹത്തിന് അഭിമാനത്തോടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുന്ന സമരപരിഷ്‌കരണമാണ് അദ്ദേഹം നിർവഹിച്ചത്.

നീതി നിഷേധത്തിന് നേതൃത്വം നൽകിയ സവർണ തമ്പ്രാക്കന്മാരെ വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സവർണജാതിയിൽപ്പെട്ടവരുടെ വസ്ത്രം ധരിച്ചും കീഴാള വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിച്ചിരുന്ന വഴികളിലൂടെ വില്ലുവണ്ടിയിൽ യാത്ര നടത്തിയുമാണ് ജാതി വിവേചനത്തിനെതിരെയുള്ള സമരപ്രവർത്തനങ്ങൾക്ക് അയ്യൻകാളി നേതൃത്വം നൽകിയത്. കല്ലുമാല പൊട്ടിച്ചെറിഞ്ഞ് കൊണ്ടുള്ള സമര പ്രഖ്യാപനവും ദലിത് സമൂഹം കൂടുതൽ കരുത്താർജിക്കുന്നതിന് കാരണമായി.

അയ്യൻകാളി ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ ആശയത്തെ ഏറ്റെടുക്കുന്നതിന് പകരം ദലിത് - ആദിവാസി - ന്യൂനപക്ഷസമുദായങ്ങളെ കേവലം വോട്ടുബാങ്കാക്കി ഉപയോഗപ്പെടുത്തുകയാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ചെയ്തത്. അയ്യൻകാളി ഉയർത്തിയ നവോത്ഥാന ആശയത്തെ ബോധപൂർവ്വം തിരസ്‌കരിക്കുകയും പിന്നാക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്ത ശ്രമങ്ങളെ തടഞ്ഞു വെക്കുകയുമാണ് ഇവർ ചെയ്തത്. ശ്രീനാരായണഗുരുവും അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും തുടങ്ങി ചരിത്രനായകന്മാർ സാഹോദര്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത നവോത്ഥാന ഗുണങ്ങളെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ഭരണകൂട താൽപര്യങ്ങളുടെ ലാഭത്തിന് മാത്രമായാണ് ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

സവർണ സംവരണം വേഗത്തിൽ നടപ്പിലാക്കി കൊണ്ട് ചരിത്രപരമായി പിന്നാക്കമായ സമുദായങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാർ ശ്രമിച്ചത്. സവർണ സമൂഹങ്ങൾക്ക് കൂടുതൽ അധികാരവും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വഞ്ചനാപരമായ നിലപാടാണ് കേരളത്തിൽ പിണറായി സർക്കാർ ഇഡബ്ല്യൂഎസിലൂടെ സ്വീകരിച്ചത്.

നവോത്ഥാന നായകന്മാർ ചരിത്രത്തിൽ ഉയർത്തിയ ആശയവും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് വെൽഫെയർ പാർട്ടി ശ്രമിക്കുന്നത്. വംശീയതയുടെ പേരിൽ ദലിത്, മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളെ അപരവൽക്കരിക്കാനാണ് സാമൂഹിക വിഭജനം കൊണ്ട് ഭരണകൂടം ആഗ്രഹിക്കുന്നത്. വംശീയതക്കെതിരെ പോരാടുന്ന ജനവിഭാഗങ്ങളുടെ ഒരുമിച്ചുള്ള മുന്നേറ്റമാണ് മഹാത്മ അയ്യങ്കാളിയുടെ നവോത്ഥാന പ്രവർത്തനങ്ങളിലൂടെ സമകാലിക സാമൂഹിക അന്തരീക്ഷത്തിൽ രൂപപ്പെടേണ്ടത്. വംശീയ ഉന്മൂലനം നടത്തുന്നവർക്കെതിരെ ഇരളാക്കപ്പെടുന്ന വിവിധ ജനവിഭാഗങ്ങളുടെ സാഹോദര്യത്തിൽ ഊന്നിയ രാഷ്ട്രീയ മുന്നേറ്റവുമാണ് ഹിന്ദുത്വ ഭീകരതയുടെ കാലത്ത് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും റസാഖ് പാലേരി പറഞ്ഞു.

'മഹാത്മ അയ്യൻകാളിയുടെ പ്രജാസഭാ പ്രഭാഷണങ്ങളും സാമൂഹിക നീതിയുടെ രാഷ്ട്രീയവും' എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ ചിന്തകനും സോഷ്യൽ ആക്ടിവിസ്റ്റുമായ കെ. അംബുജാക്ഷൻ, മാധ്യമ പ്രവർത്തകൻ ബാബുരാജ് ഭഗവതി, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം വിനോദ്, അണ്ണാ ഡിഎച്ച്ആർഎം പാർട്ടി ജനറൽ സെക്രട്ടറി സജി കൊല്ലം, സിദ്ധനാർ സർവീസ് സൊസൈറ്റി പ്രസിഡണ്ട് സന്തോഷ് അഞ്ചൽ, സോഷ്യൽ ആക്ടിവിസ്റ്റ് ലക്ഷ്മി പ്രഭ സ്‌നേഹലത തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ സ്വാഗതവും ജില്ല പ്രസിഡണ്ട് അഷ്റഫ് കല്ലറ നന്ദിയും പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News