ചലച്ചിത്ര അക്കാദമി തലപ്പത്ത് നടൻ രവീന്ദ്രൻ: ഔദ്യോഗികമായി ചുമതലയേറ്റു

ഡിസംബറിൽ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടനമാണ് രവീന്ദ്രന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി

Update: 2026-09-26 11:51 GMT
Editor : Athulya | By : Web Desk

തിരുവനന്തപുരം: നടൻ രവീന്ദ്രൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഔദ്യോഗികമായി ചുമതലയേറ്റു. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ചുമതലയേറ്റെടുത്തത്.

പത്ത് വർഷങ്ങൾക്ക് മുൻപും താൻ ചലച്ചിത്ര അക്കാദമിയുടെ ഭാഗമായിരുന്നുവെന്നും പഴയ സഹപ്രവർത്തകർ പലരും ഇന്നും ഇവിടെയുണ്ടെന്നും ചുമതലയേറ്റ ശേഷം രവീന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ മറ്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ കേരളത്തിലെ മേളകൾക്കും ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും വേർതിരിവുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അക്കാദമിക്ക് മുന്നിലേക്ക് നിർദേശങ്ങളും ഉത്തരവാദിത്തങ്ങളും വരികയാണെങ്കിൽ ഉചിതമായ നടപടികൾ സ്വീകരിക്കും. നിലവിൽ അക്കാദമിയുടെ മുന്നിലുള്ള അജണ്ടകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

ബ്ലെസ്സി, സത്യൻ അന്തിക്കാട്, പ്രേം കുമാർ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നെങ്കിലും ഒടുവിൽ സർക്കാർ രവീന്ദ്രനെ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

അടുത്ത ഡിസംബറിൽ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) സംഘാടനമാണ് രവീന്ദ്രന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. കേവലം രണ്ട് മാസത്തെ സമയം മാത്രമാണ് ഇതിനായി മുന്നിലുള്ളത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്, സംഘാടക സമിതി രൂപീകരണം, മറ്റ് അടിയന്തര യോഗങ്ങൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാനുള്ള എട്ട് ചിത്രങ്ങൾക്കായി ആവശ്യമായ ഇടപെടലുകൾ നടത്തേണ്ട ചുമതലയും അക്കാദമിക്കുണ്ട്.

നാഥനില്ലാ കളരിയായി മാറി എന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് അധ്യക്ഷന്മാരെ സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സി (KSFDC) ചെയർമാനായി നടൻ പ്രേം കുമാറിനെയും വൈസ് ചെയർമാനായി അലൻസിയറിനെയും നിയമിച്ചിട്ടുണ്ട്.

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News