അടൂര്‍ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തു
അബിന്‍ ശിവദാസ്, നസ്മല്‍, ഫെന്നി നൈനാന്‍ എന്നിവരും പ്രതികള്‍
അടൂർ: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തു. ബിഎൻഎസ് 333 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷനുള്ളിൽ അതിക്രമിച്ചു കയറിയതിനാണ് നടപടി. ശ്രീനാദേവിക്ക് പുറമെ അബിൻ ശിവദാസ്, നസ്മൽ, ഫെന്നി നൈനാൻ എന്നിവരും പ്രതികളാണ്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. ശ്രീനാദേവിയുടെ പരാതിയില്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവും അരങ്ങേറിയത്. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടര്‍ന്ന് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി രാജന്‍ ജോസഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജന്‍ ജോസഫുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തര്‍ക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം യൂട്യൂബര്‍ രാജന്‍ ജോസഫിനെ താന്‍ ആക്രമിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലുണ്ടായിരുന്ന രാജന്‍ ജോസഫിനോട് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജയകൃഷണൻ പള്ളിക്കലിന് ജാമ്യം അനുവദിച്ചിരുന്നു. അടൂർ ഒന്നാം ക്ലാസ്സ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. സംഭവം നടന്ന് മൂന്ന് മാസമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ ഒന്നാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെയാണ് ജാമ്യം കിട്ടിയത്.