ഹിമാചല്‍ വൈദ്യുതി വാങ്ങിയാല്‍ 2233 കോടിയുടെ അധിക ചിലവ്; മുഖ്യമന്ത്രിയെ അറിയിച്ച് കെഎസ്ഇബി

കെഎസ്ഇബി ചെയർമാന്‍ മുഖ്യമന്ത്രിക്ക് നൽകിയ കുറിപ്പിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

Update: 2026-11-04 12:00 GMT

തിരുവനന്തപുരം: ഹിമാചല്‍ വൈദ്യുതി വാങ്ങിയാല്‍ 2233 കോടി രൂപയുടെ അധിക ചിലവുണ്ടാകുമെന്ന് കെഎസ്ഇബി. കെഎസ്ഇബി ചെയർമാന്‍ മുഖ്യമന്ത്രിക്ക് നൽകിയ കുറിപ്പിലാണ് അധിക ചിലവിനെക്കുറിച്ച് പറയുന്നത്. ഈ കുറിപ്പിന്റെ കർപ്പ് മീഡിയവണിന് ലഭിച്ചു. ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തിന് അധികബാധ്യതയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആദ്യ കരാറിൽ 722 കോടി രൂപയും, ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 1510 കോടി രൂപയുമാണ് അധികച്ചെലവായി കണക്കാക്കുന്നത്. 14.50 രൂപ നിരക്കിലാണ് ഹിമാചൽ പ്രദേശ് വൈദ്യുതി വാഗ്ദാനം ചെയ്തത്. എന്നാൽ, റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളതും പവർ എക്സ്ചേഞ്ചിലെ സീലിംഗ് പരിധിയായ 10 രൂപയ്ക്കും മുകളിലാണിത്. പരിധിക്ക് മുകളിൽ വരുന്ന തുക സംസ്ഥാന ഖജനാവിൽ നിന്ന് ഒടുക്കേണ്ടി വരുമെന്നതിനാൽ ഇടപെടൽ അനിവാര്യമായിരുന്നെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഈ കരാറിൽ നിന്ന് പിന്മാറി, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന ജിഎൻഎ പോലുള്ള മറ്റ് കമ്പനികളിലേക്ക് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് ഖജനാവിലെ അധിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ്.

Advertising
Advertising

കഴിഞ്ഞ ദിവസവും വൈദ്യുതി കരാറിന് അനുമതി നല്‍കിയപ്പോള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സാധ്യമായ വഴികള്‍ നിരവധിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഉയര്‍ന്ന വിലയ്ക്ക് മാത്രം വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്.

ഹിമാചലില്‍ നിന്ന് 1280 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉയര്‍ന്ന വില ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിമാചലില്‍ നിന്നുള്ള കത്ത് സംസ്ഥാന വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും തുടര്‍ന്ന് സര്‍ക്കാര്‍ അതൃപ്തി അറിയിക്കുകയുമായിരുന്നു.

അതേസമയം, വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്താനുള്ള സർക്കാരിന്റെ നീക്കം സംബന്ധിച്ച വാർത്തകൾ അതീവ ഗുരുതരമാണെന്നും കൃത്യമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, യാതൊരു നീതീകരണവുമില്ലാത്ത കരാറുകളിൽ ഏർപ്പെട്ട് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്നലെ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News