‘ഇത്തവണ അവന്റെ കുഞ്ഞു ലോറി മാത്രം വീട്ടിലെത്തും’;ഗംഗാവലിക്ക് പോലും കവരാൻ കഴിയാത്ത ഓർമ്മകൾ ബാക്കിയാക്കിയാണ് അർജുൻ യാത്രയായത്

ഒപ്പം കളിച്ചും കണ്ടും കൊതിതീരാതെ ഇറങ്ങിപ്പോരുമ്പോ അവന്‍ കാണാതെ ആ ലോറിയും കൂടെയെടുക്കും അർജുൻ. കാബിനില് എപ്പോഴും കാണുന്നൊരിടത്ത് വെയ്ക്കും

Update: 2024-09-26 10:32 GMT

കോഴിക്കോട്: ഗംഗാവലിയുടെ കുത്തൊഴുക്കിന് പോലും കവരാൻ കഴിയാത്ത ഓർമ്മകൾ ബാക്കിയാക്കിയാണ് അർജുൻ യാത്രയായത്. ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു അർജുന്റെ ലോറിപരിശോധിച്ചപ്പോൾ കണ്ട കാഴ്ചകൾ. രണ്ട് ഫോണുകള്‍, വസ്ത്രങ്ങളടങ്ങിയ ബാഗ്, വാച്ച്, പിന്നെ ഒരു കുഞ്ഞു ലോറിയും.

ജീവനെടുത്ത മഹാമലയ്ക്കും ഗംഗാവലിപ്പുഴയിലെ ഭീകര ഒഴുക്കിനും വിഴുങ്ങാന്‍ കഴിയാത്ത അവശേഷിപ്പുകള്‍. ചതഞ്ഞരഞ്ഞുപോയ ലോറിക്കുള്ളില്‍ പോറലേൽക്കാതെ ബാക്കിയായ ഓർമ്മകൾ. വീട്ടിലേക്കുള്ള വഴിയില്‍ നേരത്തെ മടങ്ങേണ്ടി വന്നൊരു ഹതഭാഗ്യനായ യുവാവിന്റെ മോഹങ്ങളും സ്വപ്നങ്ങളുമായിരുന്നു അതെല്ലാം.

Advertising
Advertising

ദീര്‍ഘദൂര യാത്രകളിലും ഹോട്ടലുകളെ അധികം ആശ്രയിക്കാറില്ല അർജുൻ. പറ്റുന്ന ഇടങ്ങളിലിറങ്ങി സ്വന്തമായി പാചകം ചെയ്യും. അതിനുപയോഗിച്ചിരുന്ന പാത്രങ്ങളും കേടൊന്നും കൂടാതെ കാബിനില് നിന്ന് കിട്ടി. പിന്നെയാ കുഞ്ഞു ലോറിയാണ്. യാത്രയ്ക്കിടെ എപ്പോഴോ മകന് വേണ്ടി  വാങ്ങിയതാണ്.

ഒപ്പം കളിച്ചും കണ്ടും കൊതിതീരാതെ ഇറങ്ങിപ്പോരുമ്പോ അവന്‍ കാണാതെ ആ ലോറിയും കൂടെയെടുക്കും അർജുൻ. കാബിനില് എപ്പോഴും കാണുന്നൊരിടത്ത് വെയ്ക്കും. ദിവസങ്ങള് കഴിഞ്ഞ് അച്ഛൻ തിരിച്ചു വരുമ്പോ അവന് ഇരട്ടി സന്തോഷം.

ഇത്തവണ പക്ഷെ അവന്റെ കുഞ്ഞു ലോറി മാത്രം വീട്ടിലെത്തും. കളിപ്പാട്ടം കണ്ട സന്തോഷത്തില്‍ അവന്‍ അച്ഛനെ തിരക്കുമായിരിക്കും. മറുപടി പറയാന് വാക്കുകളില്ലാതെ ആ കുടുംബം കഷ്ടപ്പെടും. വേദനകൾക്കും നഷ്ടങ്ങൾക്കും മുകളിൽ മറവിയുടെ മണ്ണടിഞ്ഞുമൂടട്ടെയെന്ന് പ്രതീക്ഷിക്കാം. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News