ഭൂട്ടാൻ വാഹനക്കടത്ത് ; അമിത് ചക്കാലക്കലിന്‍റെ വാഹനം കസ്റ്റംസ് വിട്ടുനൽകി
ലാൻഡ് ക്രൂയിസർ വാഹനമാണ് വിട്ടു നൽകിയത്
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ പിടിച്ചുവച്ച നടൻ അമിത് ചക്കാലക്കലിന്‍റെ വാഹനം കസ്റ്റംസ് വിട്ടുനൽകി. ലാൻഡ് ക്രൂയിസർ വാഹനമാണ് വിട്ടു നൽകിയത്. അമിത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം .ബോണ്ടിന്‍റെയും 20% ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. അമിത്തിന്‍റെ ഗ്യാരേജിൽ നിന്ന് പിടിച്ചെടുത്ത മറ്റ് വാഹനങ്ങളുടെ കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ദുൽഖർ സൽമാന്‍റെ ഡിഫൻഡർ വാഹനം വിട്ടുനൽകിയിരുന്നു.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി അമിതിന് നോട്ടീസ് അയച്ചിരുന്നു. ഫെമ നിയമം ഉൾപ്പെടെ ചുമത്തിയാണ് ദുൽഖറിന്റെയും അമിത് ചക്കാലക്കിന്റേയും വീടുകൾ ഉൾപ്പെടെ 17 ഇടങ്ങൾ ഇഡി റെയ്ഡ് നടത്തുകയും വാഹനങ്ങളുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അമിത് ചക്കാലക്കിനോട് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയത്.
ദുൽഖറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും നോട്ടീസ് അയയ്ക്കുക. താരത്തോട് ഹാജരാകാൻ ആവശ്യപ്പെടാൻ തീരുമാനമായിട്ടുണ്ട്.