അമീബിക് മസ്തിഷ്‌കജ്വരം; കണക്കുകൾ തിരുത്തി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് 18 രോഗികൾ മാത്രമെന്നായിരുന്നു നേരത്തെയുള്ള കണക്ക്

Update: 2025-09-13 08:05 GMT

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട കണക്കുകൾ തിരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ അമിബീക് മസ്തിഷ്‌കജ്വരം ബാധിച്ച് 17 പേർ മരിച്ചെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഈ മാസം മാത്രം ഏഴ് പേർക്ക് രോഗം കണ്ടെത്താൻ കഴിയുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച 17 വയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ വന്നത് ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടമാണ്. അപ്പോഴും അമിബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നു. തിരുവനന്തപുരത്തും കോഴിക്കോടും 11 വീതം ആക്ടീവ് കേസുകൾ ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ മന്ത്രി വീണാ ജോർജ് പറഞ്ഞത്.

Advertising
Advertising

ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 12 ദിവസത്തെ മാത്രം കണക്ക് പരിശോധിച്ചാൽ 19 പേർക്ക് രോഗം കണ്ടെത്തി. ഏഴ് മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ അമിബിക് മസ്തിഷ്‌കജ്വരം സംശയിച്ച് ചികിത്സയിൽ കഴിയുന്നവരുടെയും മരണപ്പെട്ടവരുടെയും എണ്ണം കൊടുത്തിരുന്നു.

എന്നാൽ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടായതോടെ പിൻവലിച്ചു. കേരളത്തിൽ കൃത്യമായി പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മറ്റിടങ്ങളെ അപേക്ഷിച്ച് പരിശോധനകൾ നടക്കുന്നതുകൊണ്ടാണ് രോഗികളെ കണ്ടെത്താൻ കഴിയുന്നതെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News