അനിത പുല്ലയില്‍ ലോക കേരളസഭയിൽ പങ്കെടുത്തിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ്

അതേസമയം അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിൽ എത്തിയത് ഓപ്പൺ ഫോറത്തിന്‍റെ പാസ് ഉപയോഗിച്ചാണെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു

Update: 2022-06-19 05:15 GMT
Advertising

അനിത പുല്ലയില്‍ ലോക കേരള സഭയിൽ പങ്കെടുത്തിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ്. അതേസമയം അനിത നിയമസഭാ സമുച്ചയത്തിൽ എത്തിയത് ഓപ്പൺ ഫോറത്തിന്‍റെ പാസ് ഉപയോഗിച്ചാണെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. പ്രവാസി സംഘടനകൾക്കെല്ലാം ഓപ്പൺ ഫോറത്തിന്‍റെ പാസ് നൽകിയിരുന്നതായും അങ്ങനെയാകാം അനിത എത്തിയതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരിയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അനിത പുല്ലയില്‍. കഴിഞ്ഞ ദിവസം അനിതയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മോൻസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലായിരുന്നു ചോദ്യംചെയ്യൽ. ഇരയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അനിത പുല്ലയിൽ മൊഴി നൽകി. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. പുരാവസ്തു തട്ടിപ്പിന് പിന്നാലെയാണ് സ്വന്തം ഓഫീസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതി മോന്‍സണെതിരെ ഉയര്‍ന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് അനിത അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ചോദ്യംചെയ്യല്‍.

അതിനിടെ അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിലെത്തിയത് രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ലോക കേരള സഭ നടന്ന നിയമസഭാ സമുച്ചയത്തില്‍ രണ്ട് ദിവസവും അനിത ഉണ്ടായിരുന്നു. വിവാദ കേസിൽ അകപ്പെട്ടയാളെ സർക്കാർ ക്ഷണിച്ചുവെന്ന പ്രചാരണമായിരിക്കും പ്രതിപക്ഷം നടത്തുക. എന്നാൽ സഭയുടെ അതിഥി പട്ടികയിൽ അനിതയില്ലെന്ന വിശദീകരണം നല്‍കിയാണ് സർക്കാരിന്‍റെ മറുനീക്കം. സഭാ സമ്മേളനത്തിന്‍റെ അതിഥി പട്ടികയിൽ അനിതയുടെ പേരില്ലാത്തതും സർക്കാർ ഉയർത്തിക്കാട്ടും. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ അനിത പുല്ലയിൽ ഇതുവരെ തയ്യാറായിട്ടില്ല

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News