ഏകീകൃത കുർബാനയിൽ അനൈക്യം തുടരുന്നു; പ്രതിഷേധം ശക്തമാക്കാനുറച്ച് അൽമായ മുന്നേറ്റം

ഇന്ന് മറൈൻഡ്രൈവിൽ പ്രതിഷേധ റാലി നടക്കും

Update: 2023-01-15 00:47 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ജനാഭിമുഖ കുർബാന അനുവദിക്കാനാകില്ലെന്ന് സിനഡ് തീർത്തു പറഞ്ഞതോടെ എറണാകുളം- അങ്കമാലി അതിരൂപതയിൽ ഒത്തുതീർപ്പ് ചർച്ചകൾക്ക് പകരം സമരപരിപാടികളുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് അതിരൂപത അൽമായ മുന്നേറ്റം. ഇതിന്റെ ഭാഗമായി ഇന്ന് മറൈൻഡ്രൈവിൽ പ്രതിഷേധ റാലി നടക്കും.

സഭയുടെ പൊതുനന്മ ബലി കഴിച്ചു കൊണ്ടുള്ള ഒത്തുതീർപ്പിന് സാധിക്കില്ലെന്നാണ് സിനഡ് നിലപാട്. അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയോഗിച്ച മെത്രാൻ സമിതി ചർച്ചകൾ തുടരും. ഇതിനായി വിശ്വാസി പ്രമുഖരുടെ കൂടി പിന്തുണ തേടും. അതുവരെയും പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് വൈദികരോടും വിശ്വാസികളോടും സിനഡിന്റെ ആഹ്വാനം. എന്നാൽ സിനഡിന്റെ തീരുമാനങ്ങളെ പാടെ തള്ളിക്കളയുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ അല്‍മായ മുന്നേറ്റം. മെത്രാൻ സമിതിയുമായി നടത്തിയ ചർച്ചകളിൽ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഇത് അപ്പോസ്തലറ്റിക് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അട്ടിമറിച്ചെന്നുമാണ് ഇവരുടെ ആരോപണം.

എറണാകുളം സെൻറ് മേരിസ് ബസിലിക്കയിലെ പ്രതിഷേധ പ്രകടനങ്ങൾ സിനഡ് അപലപിക്കുമ്പോഴും ഇതെങ്ങനെ പരിഹരിക്കും എന്നതിനെക്കുറിച്ച് ഒരു നിർദേശവും മുന്നോട്ടുവെക്കുന്നുമില്ല. കുർബാനയെ അവഹേളിച്ചത്തിന് പരിഹാരമായി ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്താൻ മാത്രമാണ് സിനഡിന്റെ ആഹ്വാനം. അതേസമയം, ഇന്ന് മറൈൻഡ്രൈവിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പരമാവധി വിശ്വാസികളെയും വൈദികരെയും അണിനിരത്തി ശക്തി പ്രകടനം തീർക്കാനാണ് അല്‍മായ മുന്നേറ്റത്തിന്റെ തീരുമാനം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News