മെഡിക്കൽ സ്‌റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് സുലഭം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല

Update: 2024-01-15 04:45 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ഏത് ആന്റിബയോട്ടിക്കുകള്‍ ചോദിച്ചാലും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളുടെ മുന്നില്‍ ആരോഗ്യവകുപ്പിന്റെ നിർദേശം പോലും എഴുതിയൊട്ടിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയ്ക്ക് ഉപയോഗിക്കുന്ന സിപ്ലോക്സും ചുമയ്ക്കും സൈനസൈറ്റിസിനും ഉപയോഗിക്കുന്ന അമോക്സിലിനും യൂറിനറി ഇന്‍ഫക്ഷന് കഴിക്കുന്ന സിപ്രോഫ്ലോക്സിനും തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. ഇതിനൊന്നും ഒരു ഡോക്ടറിന്റെയും കുറിപ്പടി വേണ്ട. ഏറ്റവും അധികം ആളുകള്‍ ചികിത്സതേടി എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്നിലാണ് നിര്‍ദേശങ്ങളൊന്നും പാലിക്കാതെ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം.

Advertising
Advertising

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും ചെറുതല്ല. അതിനെ ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്. അതിന് തുരങ്കം വെക്കുന്നതാണ് ഇത്തരം മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ചെറിയ അസുഖങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുന്ന മലയാളിയുടെ ശീലം ഒഴിവാക്കണമെന്ന് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പറയുന്നു. പ്രാഥമിക ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ചില ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

പനി വന്നാല്‍‌ പെട്ടന്ന് മാറാന്‍ ആശ്രയിക്കുന്നത് ആന്റിബയോട്ടിക്കാണ്. നിശ്ചിതദിവസം ആന്റിബയോട്ടിക് കഴിക്കുകയും പനി മാറുകയും ചെയ്യും. പക്ഷേ പനി മാറുന്നതിനൊപ്പം ആന്റിബയോട്ടിക് നമ്മുടെ ശരീരത്തില്‍ മറ്റൊരു തരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഓരോ അവയവത്തിന്റെ പ്രവര്‍ത്തനത്തെ പോലും ആന്റിബയോട്ടിക് പ്രതികൂലമായി ബാധിക്കും. പിന്നീട് ഏത് അസുഖത്തിന് ആന്റിബയോട്ടിക് കഴിച്ചാലും അസുഖത്തെ പ്രതിരോധിക്കാന്‍ കഴിയാത്തവിധം തളര്‍ന്നുപോകും. അമിതമായ ആന്റിബയോട്ടിക് പലതരത്തില്‍ ശരീരത്തിന് ദോഷകരമായി ബാധിക്കും.

ഡോക്ടറിന്റെ കുറിപ്പടിയോട് കൂടി മാത്രമെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ. പക്ഷേ, ഇതൊന്നും രോഗികളാരും പാലിക്കില്ല. ചില ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ചികിത്സയുടെ ആദ്യഘട്ടത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ കുറിച്ചുനല്‍കുന്ന രീതിയുമുണ്ട്. സാധാരണ ഗുളികകളോ മറ്റ് ചികിത്സാ രീതികളോ അംവലംബിക്കുന്നതിന് പകരം ആദ്യമേ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന ആരോഗ്യ മേഖലയിലുള്ളവരുടെ നിലപാടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആന്റിബയോട്ടിക് ഉപയോഗം കുറക്കുമെന്ന് ഓരോരുത്തരും സ്വയം വിചാരിക്കണമെന്ന അഭ്യര്‍ഥനയും ആരോഗ്യവകുപ്പ് മുന്നോട്ട് വെക്കുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News