ആറന്മുള സ്റ്റേഷനിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ച് വിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും സേനയിലെ ചില കീടങ്ങൾക്കെതിരെയാണ് ശബ്ദിച്ചതെന്നും ഉമേഷ് വള്ളിക്കുന്ന് മീഡിയവണിനോട്
ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നുവെന്ന് കാണിച്ച് പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. ആറന്മുള സ്റ്റേഷനിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
'സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പോസ്റ്റിടുന്നു, കുറ്റവാളികൾക്കൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നു, സേനക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു'- ഇക്കാര്യങ്ങളൊക്കെ ആരോപിച്ചാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോട്ടീസ് നൽകിയത്
നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് പൊലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. പിരിച്ചു വിടലിന് മുന്നോടിയായുള്ള നടപടിയെന്ന നിലക്കാണ് നോട്ടീസ്. പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും സേനയിലെ ചില കീടങ്ങൾക്കെതിരെയാണ് ശബ്ദിച്ചതെന്നും ഉമേഷ് വള്ളിക്കുന്ന് മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെൻഷനിലാണ്.
ഉമേഷ് വള്ളിക്കുന്ന് പറയുന്നത് ഇങ്ങനെ; '' അവര് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടുണ്ട്. പ്രഹസനം എന്ന നിലയ്ക്ക് നോട്ടീസും തന്നിട്ടുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചതിനെ അസാന്മാർഗിക പ്രവൃത്തികളിലേർപ്പെട്ടു എന്നാണ് നോട്ടീസിൽ പറയുന്നത്. ഒരാള് പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും അസാന്മാർഗിക പ്രവൃത്തിയാണെന്ന് ഇന്നത്തെ തലമുറയിലെ ഏറ്റവും ജൂനിയറായ ഐപിഎസ് ഓഫീസറാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
ആ നിലവാരത്തിലാണ് അവർ ചിന്തിക്കുന്നത്. പിന്നെയുള്ളത് കുറ്റവാളികളുമായി ചേർന്ന് പൊലീസിനെതിരെ നിന്നു എന്നാണ്. കോടതി കുറ്റവിമുക്തനാക്കിയ ഗ്രോ വാസുവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിനാണിത്. പൊലീസിലെ വീഴ്ചകളെയും അഴിമതിക്കാരെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊലീസിന്റെ ജനവിരുദ്ധ സംഭവങ്ങളെ പറഞ്ഞിട്ടുണ്ട്. അതേപോലെ പൊലീസിലെ നല്ല കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്''.
Watch Video Report