നിയമനത്തട്ടിപ്പ്: അരവിന്ദ് വെട്ടിക്കലിന് ഉദ്യോഗസ്ഥ സഹായം ലഭിച്ചെന്ന് സൂചന

പ്രതി കേസ് അട്ടിമറിക്കാൻ ബാഹ്യ ഇടപെടലുകൾ നടത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Update: 2023-12-10 01:49 GMT

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ നേതാവ് അരവിന്ദ് വെട്ടിക്കലിന് സഹായം ലഭിച്ചതായി സൂചന. വ്യാജ നിയമന ഉത്തരവ് തയാറാക്കാൻ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെ സഹായിച്ചെന്ന് അരവിന്ദ് പൊലീസിന് മൊഴി നൽകി.

അരവിന്ദ് നൽകിയ മൊഴിയെപ്പറ്റി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് സൂചിപ്പിച്ചത്. എന്നാൽ ഈ വ്യക്തിയെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകാൻ അരവിന്ദ് ഇതുവരെ തയാറായിട്ടില്ല. കസ്റ്റഡിയിൽ ലഭിച്ച അരവിന്ദിനെ കൂടുതൽ ചോദ്യം ചെയ്ത് ഇയാളെക്കുറിച്ച് വിവരങ്ങൾ നേടാനാണ് പൊലീസ് ശ്രമം.

Advertising
Advertising

ഒപ്പം വ്യാജ നിയമന ഉത്തരവിന്റെ ഒറിജിനലും ലഭിക്കേണ്ടതുണ്ട്. നിലവിൽ പൊലീസിന്റെ പക്കലുള്ളത് ഇതിന്റെ പകർപ്പാണ്. രാഷ്ട്രീയ പ്രവർത്തകനായ പ്രതി കേസ് അട്ടിമറിക്കുന്നതിന് ബാഹ്യ ഇടപെടലുകൾ നടത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കൂടുതൽപ്പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനാൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കണം. എന്നാൽ ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചിങ്ങോലി സ്വദേശിയെ കബളിപ്പിച്ച് പണം വാങ്ങിയതിൽ അരവിന്ദിന്റെ പങ്ക് വെളിവായെന്നും പൊലീസ് അറിയിച്ചു.

ചിങ്ങോലി സ്വദേശിയിൽ നിന്ന് 50,000 രൂപ അരവിന്ദ് തന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. നിലവിൽ അരവിന്ദിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കൂടാതെ ആറന്മുള പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ കൂടിയുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News