'ജോലി പോകും, ഭാവി തകരും'; പാലാരിവട്ടം എസ്ഐ കെ.കെ ബൈജു യുവാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
കൊച്ചിയിൽ സിപിഒയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയാണ് എസ്ഐ കെ.കെ ബൈജു
പാലാരിവട്ടം: പാലാരിവട്ടം എസ്ഐ കെ.കെ ബൈജു ആലപ്പുഴ സ്വദേശിയായ യുവാവിനെ ഭീഷണപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. കേസ് ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ജോലി പോകുമെന്നും ഭാവി തകരുമെന്നും ബൈജു യുവാവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം മീഡിയവണിന് ലഭിച്ചു. ബൈജുവിനെതിരെ യുവാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊച്ചിയിൽ സിപിഒയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയാണ് എസ്ഐ കെ.കെ ബൈജു.സിപിഒയുടെ പരാതിയിൽ സസ്പെൻഷനിലാണ് കെ.കെ ബൈജു.
'നിന്റെ ഭാവി തന്നെയാണ് പോകുന്നത്.സർക്കാർ ജോലിക്കാരനാണ് നീ. നിനക്കാണ് നഷ്ടം അവർ വേറെ പരാതി നൽകിയാൽ നിനക്കെതിരെ റിപ്പോർട്ട് നൽകുമെന്നാണ്' യുവാവിനെ ബൈജു യുവാവിനെ ഭീഷണിപ്പെടുത്തുന്നത്.
തന്നെ പ്രതിയാക്കി വ്യാജ കേസ് എടുത്തെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെന്നുമാണ് യുവാവിനെതിരെയുള്ള കേസ്.
സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിൽ കഴിഞ്ഞദിവസമാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നാലുലക്ഷം രൂപയാണ് ബൈജുവും എറണാകുളത്തെ സ്പാ സെൻറർ ജീവനക്കാരും സിപിഒയിൽ നിന്ന് തട്ടിയെടുത്തത്. കേസില്‍ സ്പാ ജീവനക്കാരി ഇന്നലെ പിടിയിലായിരുന്നു. കേസില്‍ മൂന്നാം പ്രതിയായ രമ്യയെ ചമ്പക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
നവംബർ ആദ്യവാരമാണ് സിപിഒ കൊച്ചിയിലെ സ്പാ സെൻ്ററിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ ജീവനക്കാർ മാലമോഷണവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുകയുമായിരുന്നു. തുടർന്ന് വിഷയത്തിൽ എസ്ഐ കെ.കെ ബൈജു ഇടപെട്ടു. സ്പായിൽ പോയത് വീട്ടുകാരെ അറിയിക്കുമെന്ന ഭീഷണിയുമുണ്ടായി. ആസൂത്രിത നീക്കമാണെന്ന് മനസിലായതോടെ സിപിഒ പരാതിയും നൽകുകയായിരുന്നു.