ട്വന്റി- ട്വന്റിയുമായി ഒരു ബന്ധവുമില്ല, പി.ടിക്കുണ്ടായിരുന്ന എതിർപ്പ് തുടരുമെന്ന് ബെന്നി ബഹ്‌നാൻ

കഴിഞ്ഞതവണ ട്വന്റി- ട്വന്റിക്ക് വോട്ടുചെയ്തവർ ഇത്തവണ യു.ഡി.എഫിന് വോട്ടുചെയ്യുമെന്നും ബെന്നി ബഹ്‌നാന്‍ പറഞ്ഞു

Update: 2022-05-14 16:35 GMT
Advertising

എറണാകുളം: ട്വന്‍റി- ട്വന്‍റിയോട് പി.ടി.തോമസിനുണ്ടായിരുന്ന എതിർപ്പ് തുടരുന്നുവെന്ന് ബെന്നി ബഹ്‌നാൻ എം.പി. ട്വന്‍റി- ട്വന്‍റി നേതൃത്വവുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ല,  വിഷയങ്ങളെ മുൻനിർത്തിയുള്ള നിലപാടുകളിൽ മാറ്റവുമില്ല. കഴിഞ്ഞതവണ ട്വന്‍റി- ട്വന്‍റിക്ക് വോട്ടുചെയ്തവർ ഇത്തവണ യു.ഡി.എഫിന് വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ എഡിറ്റോറിയിലിലായിരുന്നു ബെന്നി ബഹ്‌നാന്റെ പ്രതികരണം.

ട്വന്‍റി- ട്വന്‍റി വർഗീയ കക്ഷിയല്ലെന്നും അവരുമായി അഭിപ്രായ വ്യത്യാസമില്ലെന്നുമായിരുന്നു കെ.മുരളീധരന്‍റെ നിലപാട്. തൃക്കാക്കരയില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ ട്വന്‍റി- ട്വന്‍റിയുടെ പ്രഖ്യാപനം നാളെയാണ്. ജനവിധി തീരുമാനിക്കുന്നതില്‍ ട്വന്‍റി- ട്വന്‍റി വോട്ടുകള്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിനിടയിലാണ് സംഘടനയുമായുളള ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഭിന്നസ്വരം ഉയരുന്നത്.

അതേസമയം, മുഖ്യമന്ത്രി പ്രതിപക്ഷ എം.പിമാരോട് വിവേചനം കാണിക്കുന്നുവെന്ന് ബെന്നി ബഹ്‌നാൻ വ്യക്തമാക്കി. എം.പി. വികസനത്തിന് എം.പിമാർ പ്രവർത്തിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഡൽഹിയിലെത്തിയാൽ ഇടത് രാജ്യസഭാ എം.പിമാരെ മാത്രമാണ് കൂടെ കൂട്ടുന്നതെന്നും എം.പിമാരുടെ യോഗം പോലും ചടങ്ങാക്കി മാറ്റിയെന്നും ബെന്നി ബഹ്‌നാൻ ആരോപിച്ചു. അവസരം കിട്ടുമ്പോള്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാനത്തിന്‍റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News