കൊച്ചി: ജിഐഒ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ വിമൻ കൊച്ചി രാജേന്ദ്ര മൈതാനത്ത് 'മുജാദില സ്‌ക്വയറിൽ' ഗുജറാത്ത് വംശഹത്യയെ അതിജീവിക്കുകയും ദീർഘകാലത്തെ നിയമപോരാട്ടത്തിലൂടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയും ചെയ്ത ബിൽക്കീസ് ബാനു ഉദ്ഘാടനം ചെയ്തു. ജിഐഒ സംസ്ഥാന പ്രസിഡന്റ് കെ.ഷിഫാന അധ്യക്ഷത വഹിച്ച പരിപാടിയിൽ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ വിദ്യാർഥി നേതാവ് നൗഷീൻ ഫാറൂഖ് മുഖ്യാതിഥിയായി. ഓരോ പെൺകുട്ടിയും തന്റെ അവകാശത്തിനു വേണ്ടി ശബ്ദമുയർത്താൻ തയ്യാറാവണമെന്നും ഐക്യമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്നും അവർ പറഞ്ഞു.
ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ച അവകാശങ്ങളെയും ഇടങ്ങളെയും പ്രവാചക കാലഘട്ടത്തിൽ നിലനിന്നിരുന്ന സ്ത്രീ സൗഹൃദ സാമൂഹിക സാഹചര്യങ്ങളെയും വിശകലനം ചെയ്യുകയും പഠനവിധേയമാക്കുകയും ചെയ്യുക, ആ ബോധ്യത്തിൽ നിന്നുകൊണ്ട് നിലവിലെ സാമൂഹിക വ്യവസ്ഥയെയും സാഹചര്യങ്ങളെയും കൂടുതൽ സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിനുള്ള ചിന്തകളും ഇടപെടലുകളും മുന്നോട്ടുവെക്കുക എന്നീ രണ്ട് തലങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ജിഐഒ കേരളം ആഗസ്റ്റ് 20 മുതൽ നടത്തിവരുന്ന 'ബിയിങ്, ബികമിങ്,ബിലോംഗിങ്' കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
നാല് വേദികളിലായി നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള പേപ്പർ പ്രസന്റെഷനുകൾ നടന്നു. ദേശീയ- അന്തർദേശീയ തലത്തിൽ നിന്നുമുള്ള പ്രഗത്ഭർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. കേംബ്രിഡ്ജ് സർവകലാശാല ഗവേഷക ദാലിയ സലേ, ഫലസ്തീൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ റീം മഹ്മൂദ് അൽ ഹദ്ദാദ്, ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി എ.റഹ്മത്തുന്നിസ, ജമാഅത്തെ ഇസ്‌ലാമി കേരളം അമീർ പി.മുജീബുറഹ്മാൻ, ഇംഗ്ലണ്ടിലെ ലീഡ്‌സ് സർവകലാശാല പ്രൊഫസർ ഷഹീൻ കെ. മൊയ്തുണ്ണി, ഡോ. ശിൽപ ദാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സ് കേരള ചാപ്റ്റർ ചെയർപേഴ്‌സൺ മോണോലിത ചാറ്റർജി, സീനിയർ പ്രോഡക്റ്റ് ഡിസൈനർ തന്യ പ്രസാദ്, സ്റ്റുഡിയോ റീസൈക്കിൾ ബിൻ സ്ഥാപക ഗംഗാ ദിലീപ് സി., സുമയ്യ ഫാത്തിമ, മാധ്യമ പ്രവർത്തക ജിഷ എം., നീതി നിഷേധിക്കപ്പെട്ട് ദീർഘനാളായി തടവിൽ കഴിയുന്ന സക്കരിയയുടെ മാതാവ് ബിയുമ്മ, സഹോദരി ബുഷ്‌റ, റൈഹാന കാപ്പൻ, സാമൂഹിക പ്രവർത്തകയും സോഷ്യൽ സയൻസ് ഗവേഷകയുമായ ഡോ. നൂർജഹാൻ കെ., തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിലായി സംവദിച്ചു.
യുകെ കോവൻട്രി സർവകലാശാല പ്രൊഫസർ ഡോ.സാരിയ ചെറുവള്ളിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ നടത്തിയ പഠനങ്ങളുടെ അവതരണവും സമ്മേളനത്തിൽ നടന്നു. കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക വേദിയും സെഷനുകളും പരിപാടിയുടെ വൈവിധ്യമായി. കൂടാതെ, ജിഐഒ പുറത്തിറക്കുന്ന ഗാനത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. പിന്നണി ഗായിക ദാനാ റാസിക്കിന്റെ സംഗീതവിരുന്നോടുകൂടി സമ്മേളനം സമാപിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി റിസ് വാന ഷെറിൻ സ്വാഗതവും സമ്മേളനത്തിന്റെ ജനറൽ കൺവീനർ ആഷിഖ ഷെറിൻ നന്ദിയും പറഞ്ഞു.