ബിഷപ് ഫ്രാങ്കോ മുളക്കൽ കേസ്: മൂന്ന് കന്യാസ്ത്രീകൾ മഠംവിട്ടു
സിസ്റ്റർ അനുപമ, സിസ്റ്റർ നീന റോസ്, സിസ്റ്റർ ജോസഫൈൻ എന്നിവരാണ് മഠം ഉപേക്ഷിച്ചത്.
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയെ പിന്തുണച്ച് സമരം നടത്തിയ കുറുവിലങ്ങാട്ടെ മൂന്ന് കന്യാസ്ത്രീകൾ മഠംവിട്ടു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസികളുമായിരുന്ന സിസ്റ്റർ അനുപമ, സിസ്റ്റർ നീന റോസ്, സിസ്റ്റർ ജോസഫൈൻ എന്നിവരാണ് മഠം ഉപേക്ഷിച്ചത്.
പരാതിക്കാരിയടക്കം ആറ് കന്യാസ്ത്രീകളാണ് മഠത്തിലുണ്ടായിരുന്നത്. മൂന്നുപേർ മഠത്തിൽ തുടരുന്നുണ്ട്. പല സമയങ്ങളിലായാണ് ഇവർ മഠം ഉപേക്ഷിച്ചത്. മൂന്നുപേരും ഇപ്പോൾ അവരവരുടെ വീടുകളിലാണ് കഴിയുന്നത്. കോൺവെന്റിൽ തങ്ങുന്നതിന്റെ മാനസിക സമ്മർദമാണ് മഠം വിടാൻ പ്രേരിപ്പിച്ചതെന്നാണ് ഇവരോട് അടുപ്പമുള്ളവർ പറയുന്നത്.
സിസ്റ്റർ നീനക്ക് ഇടക്ക് വാഹനാപകടം സംഭവിച്ചിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടിരുന്നു. മഠം വിടുന്ന കാര്യം ജലന്ധർ രൂപതയേയും കോൺവെന്റ് അധികൃതരെയും അറിയിച്ചിരുന്നു. ജലന്ധർ രൂപത ബിഷപ് മഠത്തിലെത്തി ഇവരോട് സംസാരിക്കുകയും ചെയ്തതായി സേവ് അവർ സിസ്‌റ്റേഴ്‌സ് കൂട്ടായ്മ പ്രതിനിധി പറഞ്ഞു. മൂന്നുപേരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മഠത്തിൽ തുടരുന്ന പരാതിക്കാരിയും രണ്ട് സിസ്റ്റർമാരും തയ്യൽ ജോലി ചെയ്താണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്. കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ജലന്ധർ രൂപത അധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിന് എതിരായ ബലാത്സംഗ ആരോപണം. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു മഠം അന്തേവാസിയായ കന്യാസ്ത്രീയുടെ പരാതി.
കുറുവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2018 സെപ്റ്റംബറിൽ ബിഷപ് അറസ്റ്റിലായി. കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ 105 ദിവസം നീണ്ട വിചാരണ നടപടികൾക്ക് ശേഷം 2022 ജനുവരി 14ന് ബിഷപ്പിനെ വെറുതെവിടുകയായിരുന്നു. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്ക ബിഷപ്പായിരുന്നു ഫ്രാങ്കോ മുളക്കൽ.