പാല ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം: മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എസ്.ഐ.ഒ പരാതി നൽകി

ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാല ബിഷപ്പ് ആരോപിച്ചത്

Update: 2021-09-09 13:58 GMT
Editor : ijas

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്‍റെ വര്‍ഗീയ ആരോപണത്തിനെതിരെ എസ്.ഐ.ഒ പരാതി നൽകി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് എസ്.ഐ.ഒ പരാതി നല്‍കിയത്. വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും പരത്തുന്നതാണ് അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ. വിശ്വാസികൾക്ക് മാതൃകയാകേണ്ട മത മേലധ്യക്ഷന്മാർ തന്നെ സംഘപരിവാറിന്‍റെ വർഗീയ പ്രചരണങ്ങൾ ഏറ്റെടുക്കുന്നത് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇത്തരം വിഷലിപ്തമായ പ്രചരണങ്ങൾക്കെതിരെ ക്രൈസ്തവ സഭകൾ അടക്കം നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. 

Advertising
Advertising

Full View

ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്‍റെ പരാമര്‍ശം.

ലവ് ജിഹാദിന്‍റെ ഭാഗമായി പല പെണ്‍കുട്ടികളും മതം മാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‍ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്. 

"കേരളത്തിന്‍റെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഒരിക്കല്‍ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്‍ററാകുന്നു, തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്ന്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ എല്ലായിടത്തുമുണ്ട്. കൊച്ചുകേരളത്തിലുമുണ്ട്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്‍ലിംകള്‍ നശിപ്പിക്കപ്പെടേണ്ടതാണ്. അതിനായി ഉപയോഗിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. എങ്ങനെ പെണ്‍കുട്ടിയെ വശത്താക്കാമെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികള്‍. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാവാം. നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹങ്ങളല്ല. യുദ്ധതന്ത്രമാണ്. രണ്ടാമത് നാര്‍ക്കോട്ടിക് ജിഹാദാണ്. ജിഹാദികൾ നടത്തുന്ന ഐസ്‌ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാവുന്നുണ്ട്. ക്ലബ് ഹൗസ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളിൽ അപകട സാധ്യത കൂടുതലുണ്ട് എന്ന് തിരിച്ചറിയണം"- പാലാ ബിഷപ്പ് പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News